രാജാക്കാട്: കുളങ്ങളിൽ വളർത്തുന്ന മീൻ ഇനങ്ങളോടുള്ള പ്രിയം ഉപഭോക്താക്കളിൽ ഗണ്യമായി കുറഞ്ഞത് ഹൈറേഞ്ചിലെ ശുദ്ധജല
മത്സ്യകൃഷിയ്ക്ക് തിരിച്ചടിയായി. ആദായകരമായ വിലയിൽ മത്സ്യം വിപണനം നടത്താൻ സാധിക്കാത്തതിനാൽ പലരും മത്സ്യ കൃഷിയിൽ നിന്നും പിന്നോട്ട് പോകുകയാണ്.ഉപജീവനമാർഗമായി മത്സ്യ കൃഷിയിലേയ്ക്ക് ഇറങ്ങിയ കർഷകരെല്ലാം കൈ പൊള്ളിയ അവസ്ഥയിലാണ്.ചെറുതും വലുതും ഉൾപ്പെടെ കുളങ്ങളിൽ വർത്തുന്ന കട്‌ല, രോഹു,ഗ്രാസ് കാർപ്,വാള,ഗിഫ്റ്റ് തിലോപ്പിയ,ചിത്രലാഡ തുടങ്ങിയ മീൻ ഇനങ്ങൾക്ക് ഉല്പാദനച്ചെലവിന് ആനുപാതിക വില വിപണിയിൽ ലഭിക്കുന്നില്ല.കടൽ മത്സ്യങ്ങൾ പ്രാദേശിക വിപണികളിൽ നന്നായി വിറ്റഴിയുമ്പോൾ ശുദ്ധജലാശയങ്ങളിൽ വിളയുന്ന മത്സ്യങ്ങളോട് ഉപഭോക്താക്കൾ മുഖം തിരിക്കുകയാണ്.
മത്സ്യ കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായിഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ തരിശ് ഭൂമിയിൽ കുളം നിർമ്മിച്ച് നിരവധി കർഷകർ മത്സ്യകൃഷി നടത്തിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായുണ്ടായ
കനത്ത മഴയിൽ വെള്ളം കയറി കുളം നിറഞ്ഞൊഴുകി ലക്ഷങ്ങളുടെ മത്സ്യ കൃഷി നശിച്ചവരും നിരവധിയാണ്.കൂടാതെ അന്യസംസ്ഥാനത്ത് നിന്നും തിലോപിയാ,ചിത്രലാട തുടങ്ങിയ മീനുകൾ പ്രാദേശിക വിപണിയിൽ എത്തിക്കുന്നതും കർഷകർക്ക് തിരിച്ചടിയാകുന്നുണ്ട്.
ജില്ലയിൽ കുറഞ്ഞ കാലയളവിനുള്ളിൽ നിരവധി കർഷകർ മത്സ്യകൃഷിയിലേയ്ക്ക് തിരിഞ്ഞിരുന്നു. അന്ന് ഫിഷറീസ് വകുപ്പും മറ്റ് ഏജൻസികളും നടത്തിയ ഇടപെടലുകളാണ് ശുദ്ധജല മത്സ്യകൃഷി വികസനത്തിന് വഴിയൊരുക്കിയത്.ചില കർഷകർ അശാസ്ത്രീയമായും കോഴിവേസ്റ്റും മറ്റും തീറ്റയായി നൽകിയും നടത്തുന്ന കൃഷിയാണ് മത്സ്യങ്ങളുടെ രുചിക്കുറവിനും അതുവഴി വിപണിവിലയിൽ ഇടിവുണ്ടാക്കുന്നതിനും ഇടവരുത്തിയാതായും പറയുന്നു.ചെറിയ കുഞ്ഞുങ്ങൾക്ക് 120 രൂപ മുതൽ ഭക്ഷ്യയോഗ്യമാകുമ്പോൾ 60 രൂപ വരെയുള്ള വിവിധ തരത്തിലുള്ള പ്രോട്ടീൻ തീറ്റ വാങ്ങി കൊടുത്ത് മീൻ വളർത്തുന്നവരാണ് ഏറെ നഷ്ടം സഹിക്കേണ്ടിവരുന്നത്.ഫിഷറീസ് ഡിപ്പാർട്ടുമെന്റിൽ നിന്നും അടുത്ത ഒരു വർഷത്തിനുള്ളിൽ ഒരു സഹായവും സാധാരണ മത്സ്യകർഷകന് ലഭിച്ചിട്ടില്ലെന്നും ചില വൻകിട കൃഷിക്കാരാണ് ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നതെന്നുമാണ് കർഷകർ പറയുന്നത്.
വില താഴോട്ട്
കുളങ്ങളിൽ വളർത്തുന്ന മീൻ ഇനങ്ങളിൽ പലതിനും മുൻപ് ആവശ്യക്കാർ ഏറെയായിരുന്നു. പ്രത്യേകിച്ച് ലോക് ഡൗൺ പ്രഖ്യാപിച്ച കാലത്ത്മത്സ്യത്തിന് മികച്ച വിലയും ലഭിച്ചിരുന്നു. എന്നാൽ നിലവിൽ മിക്ക ഇനം മീനുകളും കിലോഗ്രാമിന് 200 രൂപയിൽ താഴെ വിലയിട്ടിട്ടും വേണ്ട വിധം വിറ്റഴിക്കാനാകുന്നില്ല. കിലോയ്ക്ക് 250 രൂപയെങ്കിലും വില ലഭിച്ചാലേ കർഷകന് നഷ്ടമില്ലാതെ
പിടിച്ചു നിൽക്കാൻ സാധിക്കു.