നവംബർ 3ന് മുമ്പ് അപേക്ഷിക്കണം
ഇടുക്കി: സംരംഭകരുമായി സംവദിക്കുന്നതിനും സംരംഭക വർഷം പദ്ധതി വിലയിരുത്തുന്നതിനുമായി വ്യവസായ മന്ത്രി പി. രാജീവ് ജില്ലയിൽ സന്ദർശനം നടത്തും. സംരംഭങ്ങൾ ആരംഭിക്കുന്നതും നടത്തിക്കൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്‌നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് പരിപാടിയിൽ പ്രത്യേക അവസരമൊരുക്കും. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും. മുൻകൂട്ടി ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണും.
2022-23 ൽ സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിന് ലക്ഷ്യമിട്ട് വിവിധ വകുപ്പുകളെ സമന്ന്വയിപ്പിച്ച് ബഹുജന പ്രചാരണവുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും തിങ്കൾ, ബുധൻ ദിവസങ്ങളിൽ സംരംഭക സഹായ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. സംരംഭകർക്ക് കൈത്താങ്ങ് നൽകുന്നതിനും, നഗരസഭ/പഞ്ചായത്ത് തലത്തിലുള്ള പ്രചാരണ പരിപാടികൾ നടത്തുന്നതിനുമായി ഇന്റേണുകളെ നിയമിച്ചിട്ടുണ്ട്.
ജില്ലയിൽ 115
കോടി നിക്ഷേപം
ജില്ലയിൽ 5007 സംരംഭങ്ങൾ ലക്ഷ്യമിട്ടതിൽ 2037 എണ്ണം ആരംഭിച്ചു കഴിഞ്ഞു. ഇതിൽ 343 എണ്ണം ഉത്പ്പാദന മേഖലയിലും, 917 എണ്ണം സേവന സംരംഭങ്ങളും, 780 എണ്ണം കച്ചവട സ്ഥാപനങ്ങളുമാണ്. ഇത് വഴി 115 കോടി നിക്ഷേപവും 4300 തൊഴിലവസങ്ങളും ഉണ്ടായിട്ടുണ്ട്. 180 സംരംഭങ്ങൾ ആരംഭിച്ച തൊടുപുഴ നഗരസഭയാണ് ഏറ്റവും മുന്നിൽ. 93 സംരംഭങ്ങൾ ആരംഭിച്ച നെടുംങ്കണ്ടമാണ് പഞ്ചായത്ത് തലത്തിൽ മുന്നിൽ.
നവംബർ അവസാന ആഴ്ചയിൽ നടക്കുന്ന മീറ്റ് ദി മിനിസ്റ്റർ പരിപാടിയിൽ മുൻകൂട്ടി അനുമതി ലഭിക്കുന്നവർക്ക് മാത്രമാണ് പ്രവേശനം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ, ഉന്നയിക്കാൻ ഉദ്ദേശിക്കുന്ന വിഷയങ്ങളോ പരാതികളോ രേഖാമൂലം തയ്യാറാക്കി നവംബർ 3ന് മുമ്പായി gmdicidk@gmail.com ഇ-മെയിൽ വിലാസത്തിലോ, താലൂക്ക് വ്യവസായ ഓഫീസുകളിലോ (തൊടുപുഴ/ പീരുമേട് / നെടുംങ്കണ്ടം / അടിമാലി) സമർപ്പിക്കണം.