encroachment

വാഗമൺ: അറക്കുളം പഞ്ചായത്തിലെ കപ്പക്കാനം പട്ടികവർഗ കോളനിയിൽ പുറത്ത് നിന്നെത്തിയവർ വ്യാപകമായി ഭൂമി കൈയേറുന്നു. കോട്ടയം ഡി.എഫ്.ഒയുടെ കീഴിൽ നഗരംപാറ റേഞ്ചിന് പരിധിയിലാണ് സ്ഥലം. വൈരമണി ഫോറസ്റ്റ് സെക്ഷന് കീഴിലുള്ള കപ്പക്കാനത്ത് 200 ഏക്കറോളം ഭൂമി പട്ടികവർഗ വിഭാഗക്കാർക്ക് കൈമാറിയിരുന്നു. കോളനിയിലെ താമസക്കാർക്ക് കൈവശാവകാശവും വനാവകാശവും നൽകിയിരുന്നു. ഈ സ്ഥലത്ത് 2017 മുതലാണ് പുറത്ത് നിന്നുള്ളവർ അതിക്രമിച്ച് കടക്കാനാരംഭിച്ചത്.


ആദ്യം കോടതി വിധിയുടെ ബലത്തിലാണ് പുറത്ത് നിന്ന് കൈയേറ്റമുണ്ടായത്. അന്ന് ആറേക്കറോളം ഭൂമിയാണ് നഷ്ടപ്പെട്ടത്. ഇവിടെ ഇപ്പോൾ തേയിലയും ഏലവും കൃഷി ഇറക്കിയിരിക്കുകയാണ്. ഇതിനൊപ്പം വനഭൂമിയായി കിടന്നിരുന്ന ഭൂമിയും വ്യാപകമായി കൈയേറി റോഡ് വെട്ടി കൃഷിയിറക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ വലിയ തോതിൽ മരം മുറിയും നടന്നിട്ടുണ്ട്. കപ്പക്കാനത്തെ ഫോറസ്റ്റ് ചെക് പോസ്റ്റിന് സമീപവും വ്യാപകമായി കൈയേറ്റം നടന്നിട്ടുണ്ട്. എന്നാൽ മൂക്കിന് താഴെ നടന്ന സംഭവത്തിൽ വനംവകുപ്പ് അധികൃതർ യാതൊരു നടപടിയും എടുത്തിട്ടില്ല. 2020ൽ വനംവകുപ്പിന് പരാതി നൽകിയെങ്കിലും സ്ഥലത്ത് പരിശോധനയ്ക്ക് പോലും അധികൃതരെത്തിയിട്ടില്ലെന്ന് ഇവിടുത്തെ ആദിവാസികൾ പറയുന്നു. മുഖ്യമന്ത്രി, വനംമന്ത്രി, ജില്ലാ കളക്ടർ അടക്കമുള്ളവർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ നിലനിൽക്കെയാണ് ഇത്തരം സെറ്റിൽമെന്റ് മേഖലയിൽ പട്ടയം നൽകാനുള്ള സർക്കാരിന്റെ നീക്കം കൂടി നടക്കുന്നത്. തങ്ങളുടെ ഭൂമി മറ്റുള്ളവർ ബലമായി കൈയേറുമ്പോഴും സാധാരണക്കാരായ കോളനി നിവാസികൾക്ക് കാര്യമായൊന്നും ചെയ്യാനുമാകുന്നില്ല.

റിപ്പോർട്ട് തേടി

സംഭവത്തിൽ ജില്ലാ കളക്ടറും കോട്ടയം ഡി.എഫ്.ഒയും റിപ്പോർട്ട് തേടിയിട്ടുണ്ട്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.