kamakshi

കട്ടപ്പന: സംസ്ഥാനത്തുടനീളം വിവിധ സ്റ്റേഷനുകളിൽ മോഷണമടക്കം നിരവധി പ്രതിയായ 'കാമാക്ഷി എസ്‌.ഐ" എന്നറിയപ്പെടുന്ന കാമാക്ഷി വലിയപ്പറമ്പിൽ ബിജു കുട്ടപ്പൻ (46) അറസ്റ്റിലായി. കേരളത്തിലെ പല പൊലീസ് സ്റ്റേഷനുകളിലുമായി അഞ്ഞൂറോളം മോഷണ കേസുകളിൽ പ്രതിയാണ്. പല കേസുകളിലായി 15 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷണം നടത്തി കിട്ടുന്ന തുക ആഡംബര വാഹനങ്ങളും വസ്തുവകകളും വാങ്ങി കൂട്ടുകയാണ് പതിവ്. പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസിനെ ആക്രമിക്കുകയും പിടികൂടിയാൽ പൊലീസുമായി സഹകരിക്കാതിരിക്കുകയാണ് ബിജുവിന്റെ പതിവ്. കഴിഞ്ഞ ഡിസംബർ മുതൽ ജില്ലയിലെ മുരിക്കാശ്ശേരി, തങ്കമണി, കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് അഞ്ചോളം ബുള്ളറ്റുകൾ മോഷ്ടിച്ചിരുന്നു. ഇതിൽ രണ്ടെണ്ണം വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മോഷ്ടിച്ച ബുള്ളറ്റുകൾ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ വില്പന നടത്തി. നൂറോളം സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നിരവധി ക്ഷേത്രങ്ങളിലേയും പള്ളികളിലെയും കാണിക്ക വഞ്ചി കുത്തിപ്പൊളിക്കുകയും ചെയ്തിട്ടുണ്ട്. ഈ മേഖലകളിൽ നിരന്തരമായി നടക്കുന്ന മോഷണങ്ങൾ കാരണം ബഹുജന പ്രക്ഷോഭം വരെ ഉണ്ടായിട്ടുണ്ട്. തുടർന്ന് ജില്ലാ പൊലീസ് മേധാവി വി.യു. കുര്യാക്കോസിന്റെ നിർദ്ദേശപ്രകാരം കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. ഈ സംഘമാണ് പ്രതിയെ കുടുക്കിയത്. പൊലീസിനെ ആക്രമിച്ച മൂന്നോളം കേസുകളിലെ പ്രതികൂടിയാണിയാൾ. ഇയാളെ ഭയമായതിനാൽ വിവരങ്ങൾ കൈമാറാൻ നാട്ടുകാരും തയ്യാറായിരുന്നില്ല. ആരേലും സാക്ഷി പറഞ്ഞാൽ അവരെയും കുടുംബത്തെയും പ്രതിയും കുടുംബവും ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു. ഇയാളെ ഇടുക്കിയിലടക്കം പല ജില്ലകളിലായി വിവിധ കോടതികളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിൽ തങ്കമണി എസ്.എച്ച്.ഒ അജിത്ത്, ഉദ്യോഗസ്ഥരായ സജിമോൻ ജോസഫ്, അഗസ്റ്റിൻ, സുബൈർ എസ്, ജോർജ്, ജോബിൻ ജോസ്, സിനോജ് പി.ജെ, ടോണി ജോൺ, ടിനോജ്, അനസ് കബീർ, വി.കെ. അനീഷ്, സുബിൻ പി.എസ്, ജിമ്മി, അനീഷ് വിശ്വംഭരൻ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.