തൊടുപുഴ: അഖില തിരുവിതാംകൂർ മലഅരയ മഹാസഭ സ്ഥാപകാചാര്യൻ രാമൻ മേട്ടൂരിന്റെ 103-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് തൊടുപുഴ നഗത്തിൽ സംഘടിപ്പിച്ച ആയിരങ്ങൾ അണിനിരന്ന ഘോഷയാത്ര സംഘനയുടെ ശക്തി വിളിച്ചോതുന്നതായി. രാവിലെ ഏഴിന് പൂമാല സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് ദീപ ശിഖാ പ്രയാണവും നടന്നിരുന്നു. രാവിലെ ഒമ്പതിന് തെനംകുന്ന് ബൈപ്പാസിൽ നിന്നാരംഭിച്ച ഘോഷയാത്രയിൽ ആയിരങ്ങളാണ് അച്ചടക്കത്തോടെ പങ്കാളികളായത്. തുടർന്ന് മർച്ചന്റ് ട്രസ്റ്റ് ഹാളിൽ നടന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്തിലേക്ക് നൽകുന്ന ഫണ്ട് ശരിയായ രീതിയിലാണോ വിനിയോഗിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. എസ്.സി- എസ്.ടി വികസന പദ്ധതികൾ കൃത്യമായി നടപ്പിലാക്കാൻ തദ്ദേശസ്ഥാപനങ്ങൾ തയ്യാറാകണം. പിന്നാക്ക ജനവിഭാഗങ്ങളെ മുൻനിരയിലേക്ക് എത്തിക്കാനാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. പിന്നാക്ക വിഭാഗക്കാരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസവും തൊഴിലും ഉറപ്പാക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നുണ്ട്. വിദേശ സർവകലാശാലകളിൽ അയച്ച് പഠിപ്പിക്കുന്നതടക്കമുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്.

അതിദരിദ്ര വിഭാഗത്തിൽ മൂവായിരത്തിലധികം പട്ടികജാതി കുടുംബങ്ങളും പന്ത്രണ്ടായിരത്തിൽപ്പരം പട്ടികവർഗ കുടുംബങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഇവരെ മുന്നോട്ടു കൊണ്ടുവരണം. സംഘടനയുടെ സ്ഥാപകാചാര്യൻ രാമൻ മേട്ടൂർ, പിന്നാക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് അഹോരാത്രം പരിശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. അഖില തിരുവിതാംകൂർ മലഅരയ സഭ സംസ്ഥാന പ്രസിഡന്റ് കെ.ബി. ശങ്കരൻ അദ്ധ്യക്ഷനായി. ഡീൻ കുര്യാക്കോസ് എം.പി, പി.ജെ. ജോസഫ് എം.എൽ.എ, പി.എസ്.സി ബോർഡ് മെമ്പർ പി.കെ. വിജയകുമാർ, പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ അംഗം സൗമ്യ സോമൻ, തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്, യുവമോർച്ച ദേശീയ ജനറൽ സെക്രട്ടറി പി. ശ്യാംരാജ്, എ.ടി.എം.എ.എം.എസ് ഡയറക്ടർ ബോർഡ് അംഗം സി.പി.കൃഷ്ണൻ, ജനറൽ സെക്രട്ടറി വി.പി.ബാബു എന്നിവർ സംസാരിച്ചു.