
കുമളി: ശബരിമല തീർഥാടനത്തിന് കുമളിയിലെത്തുന്ന ഭക്തജനങ്ങളോടും അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിലെത്തുന്ന സഞ്ചാരികളോടും ഇനി പൊലീസ് അവരുടെ തന്നെ ഭാഷയിൽ സംസാരിക്കും. അഞ്ച് ഭാഷകളിൽ സുഗമമായി ആശയവിനിമയം നടത്തുന്നതിന് പ്രാവീണ്യം നൽകാൻ മിത്രം ഭാഷാ പഠന സഹായി ഇനി പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കും. ഇടുക്കി കളക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന മിത്രം ' ഭാഷ പഠന സഹായി പ്രകാശന പരിപാടി സബ് കളക്ടർ അരുൺ എസ്. നായർ ഉദ്ഘാടനം ചെയ്തു. 32 പേജടങ്ങുന്ന പുസ്തകം ജില്ലാ പൊലീസ് മേധാവി വി.യു. കുര്യാക്കോസ് സബ് കളക്ടർ അരുൺ എസ്. നായർക്ക് നൽകി പ്രകാശനം ചെയ്തു.
എറണാകുളം റേഞ്ച് ഡി.ഐ.ജി. നീരജ് കുമാർ ഗുപ്തയുടെ നിർദ്ദേശാനുസരണമാണ് വിവിധ ഭാഷകളിൽ മിത്രം 'ഭാഷാ പഠന സഹായി രൂപകല്പന ചെയ്ത് പ്രസിദ്ധീകരിക്കുന്നത്. ജില്ലാ പൊലീസ് മേധാവി വി. യു കുര്യാക്കോസ്, പീരുമേട് ഡിവൈ. എസ്. പി. കുര്യാക്കോസ് ജെ. എന്നിവരുടെ മേൽനോട്ടത്തിൽ കുമളി എസ്. എച്ച്.ഒ ജോബിൻ ആന്റണി, സി. പി. ഒ. മാരായ സാദിക് എസ്., ബിബിൻ കെ. ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് സാധാരണ ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന പ്രയോഗങ്ങളും വാക്കുകളും ചേർത്തിരിക്കുന്നത്. കൂടാതെ പ്രാധാനപ്പെട്ട ഓഫീസുകളുടെ ഫോൺ നമ്പറുകളും പുസ്തകത്തിലുണ്ട്.
പീരുമേട് ഡിവൈ. എസ്. പി കുര്യാക്കോസ് ജെ. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പീരുമേട്, കുമളി എന്നീ സബ് ഡിവിഷനുകളിലെ സബ് ഇൻസ്‌പെക്ടർമാർ ഉൾപ്പെടെ 40 പോലീസുകാർക്കാണ് പരിശീലന ക്ലാസ് നൽകിയത്