തൊടുപുഴ: റോഡ് സുരക്ഷയ്ക്കായും ലഹരിക്കെതിരെയും കൈകോർത്ത് ന്യൂമാൻ കോളേജ്, മോട്ടോർ വാഹന വകുപ്പ്, പൊലീസ്, എക്‌സൈസ് എന്നിവയുടെ ആഭിമുഖ്യത്തിൽ 'യേസ് ടു റോഡ് സേഫ്‌റ്റി, നോ ടു ഡ്രഗ്‌സ് " എന്ന മുദ്രാവാക്യമുയർത്തി കേരളപ്പിറവി ദിനത്തിൽ റാലിയും ബോധവത്കരണ പരിപാടിയും സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിപാടിയ്ക്ക് തുടക്കം കുറിച്ച് രാവിലെ ഒമ്പതിന് റോഡ് ഷോ നടക്കും. ജില്ലാ പൊലീസ് മേധാവി വി.യു. കുര്യാക്കോസ് ഫ്ലാഗ് ഒഫ് ചെയ്യും. 11ന് ന്യൂമാൻ കോളേജിൽ നടക്കുന്ന ബോധവത്കരണ പരിപാടി ജില്ലാ കളക്ടർ ഷീബ ജോർജ് ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് അദ്ധ്യക്ഷത വഹിക്കും. കോളേജ് മാനേജർ മോൺ. പയസ് മലേക്കണ്ടത്തിൽ മുഖ്യപ്രഭാഷണം നടത്തും. അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോദ് ശങ്കർ റോഡ് സുരക്ഷാ സന്ദേശം നൽകും. ചലച്ചിത്ര താരങ്ങളായ ഹണി റോസ്, നീത പിള്ള, അശ്വതി ശ്രീകാന്ത് എന്നിവർ മുഖ്യാതിഥികളാകും. പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ ഷാജി മാധവൻ, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വി.എ. സലിം, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പി.എ. നസീർ, ഇടുക്കി ആർ.ടി.ഒ ആർ. രമണൻ, തൊടുപുഴ ഡിവൈ.എസ്.പി എം.ആർ. മധുബാബു, വൈസ് പ്രിൻസിപ്പൽ സാജു എബ്രഹാം, ബർസാർ ഫാ. ബെൻസൺ എൻ. ആന്റണി, മുനിസിപ്പൽ കൗൺസിലർ ശ്രീലക്ഷ്മി സുദീപ്, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ എന്നിവർ പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ ഡിവൈ.എസ്.പി എം.ആർ. മധു ബാബു, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പി.എ. നസീർ, ന്യൂമാൻ കോളജ് പ്രിൻസിപ്പൽ ബിജിമോൾ തോമസ്, പ്രോഗ്രാം കൺവീനർ ജോബി തോമസ് എന്നിവർ പങ്കെടുത്തു.