ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിൽ 2022-27 അദ്ധ്യയന വർഷത്തിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നത് ഇരട്ടി മധുരമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പുതിയ ബാച്ചിൽ ആദ്യം അഡ്മിഷൻ എടുത്തത് ഇരട്ട സഹോദരൻമാരായ സൂര്യദേവും ഹരിദേവുമാണ്. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ഇ.എസ്. ഗ്ലിഡ ഇരുവർക്കും അഡ്മിഷൻ സ്ലിപ്പ് നൽകിയതോടെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനത്തിന് തുടക്കമായി.
നവംബർ മൂന്നാം വാരത്തോടെ ക്ലാസുകൾ ആരംഭിക്കും. അതിനു മുന്നോടിയായി മെഡിക്കൽ കോളജ് വികസന സമിതിയുടെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ക്ലാസുകൾ ആരംഭിക്കും മുൻപ് ആരോഗ്യ മന്ത്രി വീണാ ജോർജ് ഇടുക്കിയിലെത്തി മെഡിക്കൽ കോളജ് സന്ദർശിച്ചു സൗകര്യങ്ങൾ വിലയിരുത്തുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഘട്ടം ഘട്ടമായുള്ള വികസനമാണ് പദ്ധതിയിടുന്നത്. ക്ലാസുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി ഒരുക്കൾ ഏറെക്കുറേ പൂർത്തിയായി കഴിഞ്ഞു. കൃത്യമായ ഇടവേളകളിൽ യോഗം ചേർന്നു ആശുപത്രി വികസന സമിതി പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും ഒത്തുചേർന്ന പ്രവർത്തനമാണ് നടത്തിവരുന്നത്. വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം, വാഹന സൗകര്യം തുടങ്ങിയവ ഏർപ്പാടാക്കി കഴിഞ്ഞു. പുതുതായി നിർമ്മിച്ച ആശുപത്രി ബ്ലോക്ക് പ്രവർത്തന സജ്ജമാക്കി. ജില്ലാ ആശുപത്രിയുടെ പരിമിത സൗകര്യങ്ങളിൽ നിന്ന് ഘട്ടം ഘട്ടമായി പൂർണ സജ്ജീകരണത്തിലേക്ക് എത്താനാണ് ശ്രമം എന്നും മന്ത്രി പറഞ്ഞു.
അഞ്ച് വർഷം കഴിയുമ്പോൾ ഓരോ വർഷവും ഇടുക്കി മെഡിക്കൽ കോളേജിൽ നിന്നും നൂറ് ഡോക്ടർമാർ നമ്മുടെ നാടിന് സംഭാവന ചെയ്യാനാകുന്നത് അഭിമാനകരമാണ്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇടുക്കിക്ക് നൽകിയ മുഖ്യ പരിഗണയുടെ പരിണിത ഫലമാണ് ഈ വർഷം പ്രവേശനമെടുക്കനായത് എന്നും മന്ത്രി പറഞ്ഞു.