തൊടുപുഴ: ലഹരിയെ ചൊല്ലിയും ലഹരി ഉപയോഗ ശേഷവുമുള്ള സംഘർഷങ്ങളും ഏറ്റുമുട്ടലുകളും തൊടുപുഴ നഗരത്തിലും പരിസരങ്ങളിലും പതിവാകുന്നു. യുവാക്കൾക്ക് പുറമേ സംഘടിച്ചെത്തുന്ന വിദ്യാർത്ഥികളും ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നത് നിത്യസംഭവമാണ്. അക്രമത്തിനെതിരെ നടപടിയെടുക്കുന്നതിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥയുണ്ടാകുന്നതായും ആരോപണമുണ്ട്. തൊടുപുഴ നഗരത്തിന്റെ സമാധാന അന്തരീക്ഷം തകർക്കും വിധമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലഹരി സംഘങ്ങളുടെ ഏറ്റുമുട്ടൽ. നഗരത്തിലെത്തുന്ന യാത്രക്കാർക്ക് പുറമേ വ്യപാരികൾക്കും ബസ് ജീവനക്കാർ ഉൾപ്പെടെയുള്ള മോട്ടോർ വാഹന തൊഴിലാളികൾക്കും നിരന്തരമായുണ്ടാകുന്ന അക്രമങ്ങൾ ഭീഷണിയായി മാറി. ലഹരി ഇടപാടുകളെ ചൊല്ലി കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ തുടർച്ചയായി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ വച്ച് കോളേജ് വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. അക്രമത്തിനിടെ വ്യാപാര സ്ഥാപനങ്ങൾക്ക് കേടുപാടുകളുണ്ടാകുകയും യാത്രക്കാർക്കുൾപ്പെടെ ആള് മാറി മർദ്ദനമേൽക്കുകയും ചെയ്തു. സംഘർഷത്തിൽ ഏർപ്പെട്ട ഒരാളെ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ കൈയ്യോടെ പിടികൂടുകയും ചെയ്തിരുന്നു. സംഘർഷത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ നവമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരസ്യമായ സംഘർഷം തുടർച്ചയായിട്ടും സംഭവത്തിൽ പൊലീസ് നടപടിയെടുത്തിട്ടില്ല. പരാതിയില്ലാത്തതിനാൽ കേസെടുക്കാനാവില്ലെന്നാണ് പൊലീസിന്റെ നിലപാട്. വിദ്യാർത്ഥി സംഘർഷത്തിന്റെ തലേ ദിവസം രാത്രിയിൽ വെങ്ങല്ലൂരിൽ യുവാവിനെ രണ്ട് പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചിരുന്നു. ലഹരി ഉപയോഗശേഷമെത്തിയ യുവാവ് തട്ടുകടയിൽ അതിക്രമം കാട്ടിയതായി ആരോപിച്ചായിരുന്നു മർദ്ദനം. ഏറെ നേരം സംഘർഷം നീണ്ട് നിൽക്കുകയും നിരവധിയാളുകൾ സംഭവം കണ്ട് സ്ഥലത്ത് തടിച്ച് കൂടുകയും ചെയ്തിരുന്നു. ഈ സംഘർഷത്തിന്റെയും വീഡിയോ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നെങ്കിലും ഇതിലും കേസെടുത്തിട്ടില്ല. രാഷ്ട്രീയ ഇടപെടൽ മൂലം കേസ് ഒതുക്കി തീർത്തതായി ആരോപണമുയർന്നു. എന്നാൽ മർദ്ദനമേറ്റയാൾക്ക് പരാതിയില്ലാത്തതിനാൽ കേസെടുത്തില്ലെന്നാണ് പൊലീസിന്റെ നിലപാട്.