മുട്ടം: നീരീക്ഷണ ക്യാമറകൾ സജ്ജമാക്കാൻ മുട്ടം ടൗണിൽ റോഡരുകിലായി സ്ഥാപിക്കുന്ന ബീമുകൾ അപകടങ്ങൾ വർദ്ധിപ്പിക്കുമെന്ന് ആക്ഷേപം.മൂലമറ്റം,തൊടുപുഴ, ഈരാറ്റ്പേട്ട റോഡുകളിലൂടെ കടന്ന് പോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലെറ്റുകൾ ഉൾപ്പെടെ സ്കാൻ ചെയ്യുന്ന വിധത്തിലാണ് മുട്ടം ടൗണിൽ ക്യാമറകൾ സജ്ജമാക്കുന്നത്.എന്നാൽ ഇതിന് വേണ്ടിയുള്ള ബീമുകൾ റോഡിന് വീതി കുറവുള്ള ഭാഗത്താണ് സ്ഥാപിക്കുന്നത്.ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങൾ നിത്യവും കടന്ന് പോകുന്ന റോഡിനോട്‌ ചേർന്ന് ബീമുകൾ സ്ഥാപിക്കുന്നത് ഏറെ അപകടങ്ങൾക്ക് കാരണമാകുമെന്ന് വ്യാപാരികളും പൊതുജനങ്ങളും പറയുന്നു.റോഡ് സുരക്ഷ അതൊറിറ്റിയുടെ സർവ്വേ വിഭാഗം കണ്ടെത്തിയ ഭാഗത്ത് പൊലീസ് വകുപ്പിന്റെ നേതൃത്വത്തിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്.റോഡ് സുരക്ഷ അതോറിറ്റി നിർദ്ദേശിച്ച സ്ഥലത്ത് നിന്ന് മാറ്റി സ്ഥാപിച്ചാൽ വാഹനങ്ങളുടെ നമ്പർ പ്ലെറ്റ് ക്യാമറയിൽ പതിയില്ല എന്നാണ് കരാർ ഏറ്റെടുത്ത ഏജൻസിയുടെ ആളുകൾ പറയുന്നത്.ക്യാമറയുടെ ബോക്സിന്റെ ബീമുകൾ ഉൾപ്പെടെ 2.15 മീറ്ററോളം നീളത്തിലാണ് റോഡിൽ കുഴി എടുക്കുന്നത്.ഇത് തൊട്ടടുത്തുള്ള വ്യാപര സ്ഥാപനത്തിലേക്ക് എത്തുന്ന വാഹനങ്ങൾ,ആളുകൾ എന്നിവർക്കും ബുദ്ധിമുട്ട് സൃഷ്ട്ടിക്കും എന്ന് പരാതി ഉയർന്നിരുന്നു.ഇതേ തുടർന്ന് പൊലീസും വ്യാപാരി നേതാക്കളും തമ്മിലുള്ള ചർച്ചയെ തുടർന്ന് ബോക്സ് പൊലീസ് സ്റ്റേഷനിൽ സ്ഥാപിക്കാൻ ധാരണയായി.റോഡിൽ വീതി കുറഞ്ഞ ഭാഗത്ത് നിന്ന് ബീമുകൾ മാറ്റി സ്ഥാപിക്കണമെന്ന് കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരുടെ ഓഫീസുകളിലും ജനങ്ങൾ വിവരം അറിയിച്ചിരുന്നു.