അടിമാലി: വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയ്‌ക്കെതിരെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ഭരണസമിതിയംഗങ്ങൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഭരണമികവിൽ സംസ്ഥാനത്ത് 24ാം സ്ഥാനത്തുള്ള പഞ്ചായത്തിന്റെ അപകീർത്തിപ്പെടുത്താനുള്ള തരംതാണ നിലപാടാണ് പ്രതിപക്ഷം സ്വീകരിയ്ക്കുന്നത്. 2021-22 വർഷം 9.6 കോടിയുടെ വികസന പരിപാടികളും തൊഴിൽ ദിനങ്ങളും നടപ്പാക്കി. സിറ്റിസൺ ഇൻഫർമേഷൻ ബോർഡുകൾ തയ്യാറാക്കുന്നത് സർക്കാർ അംഗീകൃത കുടുംബശ്രീ അയൽക്കൂട്ട ഗ്രൂപ്പുകളാണ്. പദ്ധതി മിഷൻ ഡയറക്ടറുടെ ഉത്തരവ് പ്രകാരം ടെൻഡർ കൂടാതെ മൈക്രോ സംരഭക ഗ്രൂപ്പുകളെ ഏൽപ്പിയ്ക്കുകയായിരുന്നു. രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്ന മൈക്രോ സംരംഭക ഗ്രൂപ്പുകളെ ഏൽപ്പിച്ചത് തികച്ചും സുതാര്യമായ നടപടി മാത്രമാണ്. യു.ഡി.എഫ് അംഗങ്ങളായ ചില കരാറുകാർ ചേർന്ന് ടെൻഡർ നടപടികൾ അട്ടിമറിയ്ക്കാൻ ശ്രമിയ്ക്കുകയാണെന്നും ഭരണ സമിതി അംഗങ്ങൾ ആരോപിച്ചു.പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു. വൈസ് പ്രസിഡന്റ് അഖിൽ, സ്റ്റാൻഡിംഗ് കമ്മിറ്റ ചെയർമാൻമാരായ കെ.ആർ.ജയൻ, ജാൻസി ജോഷി, മറ്റ് പഞ്ചായത്തംഗങ്ങൾ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.