
ചെറുതോണി: മുരിക്കാശ്ശേരി മാർസ്ലീവാ കോളേജിലെ ബി.എസ്.സി ജിയോളജി മൂന്നാം വർഷ വിദ്യാർത്ഥി പത്തനംതിട്ട അത്തിക്കയം ചിറപ്പുറത്ത് അഭിജിത്ത് (20) ചെറുതോണി പുഴയിലെ കയത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം. അഭിജിത്ത് മറ്റു രണ്ട് സുഹൃത്തുക്കൾക്കൊപ്പം ദന്തഡോക്ടറെ കാണുന്നതിന് ചെറുതോണിയിലെത്തിയതായിരുന്നു. ഡോക്ടറെ കാണുന്നതിന് താമസമുണ്ടെന്നറിഞ്ഞതിനെ തുടർന്ന് മൂന്നുപേരും ചെറുതോണിയാറ്റിൽ കുളിക്കാനിറങ്ങുകയായിരുന്നു. വെള്ളത്തിൽ മുങ്ങിപോയ അഭിജിത്തിനെ രക്ഷിക്കാൻ കഴിയാത്തിനെത്തുടർന്ന് അവർ ബഹളം വച്ചു. ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്ന് ഇടുക്കി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. പത്തനംതിട്ട സ്വദേശിയായ അഭിജിത്ത് മുരിക്കാശ്ശേരിയിൽ പേയിംഗ് ഗസ്റ്റായി നിന്ന് പഠിക്കുകയായിരുന്നു. പിതാവ് ഭാഗ്യനാഥൻ പത്തനംതിട്ടയിൽ ബ്യൂട്ടിപാർലർ നടത്തുകയാണ്. മാതാവ് :സീത വിദേശത്ത് ജോലി ചെയ്യുകയാണ്. സഹോദരി: അപർണ. ഇടുക്കി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം നാട്ടിലെത്തിച്ചശേഷം സംസ്‌കരിക്കും.