തൊടുപുഴ: ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് മാർച്ചുൾപ്പെടയുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളപ്പിറവി ദിനത്തിൽ പ്രതിഷേധം തുടങ്ങും. മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിലെ വില്ലേജ് ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. നവംബർ എട്ടിന് കളക്ട്രേറ്റ് മാർച്ചും 20 മുതൽ ജില്ലയിലെ 10 ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ സമരപ്രചരണ ജാഥയും നടക്കും. ഡിസംബറിൽ ഡി.സി.സിയുടെ നേതൃത്വത്തിൽ നെടുംകണ്ടത്ത് കർഷകരുടെ പ്രതിഷേധ സംഗമവും സംഘടിപ്പിക്കും. എന്നിട്ടും പരിഹാരമുണ്ടായില്ലെങ്കിൽ സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയുക, ജനവാസമേഖലകളും കൃഷി ഭൂമിയും ബഫർ സോണിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുക, വ്യാപാരസ്ഥാപനങ്ങൾക്കും, പത്തുചെയിൻ മേഖലയിലും, ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലും പട്ടയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള തർക്കമാണ് ജില്ലയിലെ ഭൂപ്രശ്‌നങ്ങളെ രൂക്ഷമാക്കിയത്. പിണറായി സർക്കാർ വന്നതിന് ശേഷം 10 ജനവിരുദ്ധ ഉത്തരവുതൾ ജില്ലയിൽ അടിച്ചേൽപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഭൂപ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാൻ ഡി.സി.സി നിയോഗിച്ച ഉപസമിതി കൺവീനർ അഡ്വ. ജോയ് തോമസ്, ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണി എന്നിവരും പങ്കെടുത്തു.

അഞ്ചംഗ ഉപസമിതി റിപ്പോർട്ട് സമർപ്പിച്ചു

ജില്ലയിലെ ഭൂപ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാൻ ഡി.സി.സി നിയോഗിച്ച അഞ്ചംഗ ഉപസമിതി ഡി.സി.സി പ്രസിഡന്റിന് 18 പേജുള്ള റിപ്പോർട്ട് റിപ്പോർട്ട് സമർപ്പിച്ചു. കരുതൽ മേഖല വിഷയത്തിൽ സംസ്ഥാന സർക്കാരിന് വലിയ വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിലുണ്ട്. 2016 മുതൽ കേന്ദ്രം ആവശ്യപ്പെട്ട വിവരങ്ങൾ നൽകാത്തതാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമെന്നാണ് വിലയിരുത്തൽ. വിഷയത്തെക്കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിഷനിൽ സ്ഥലം എം.പി, എം.എൽ.എമാർ, രാഷ്ട്രീയപാർട്ടി, കർഷക സംഘടന പ്രതിനിധികൾ എന്നിവരെ ഉൾക്കൊള്ളിക്കണമെന്ന് നിർദ്ദേശമുണ്ട്. വനവുമായി അതിർത്തി പങ്കിടുന്ന വില്ലേജുകളിൽ കമ്മിഷൻ നേരിട്ട് സിറ്റിങ് നടത്തണം. മറ്റ് ഭൂപ്രശ്‌നങ്ങളെക്കുറിച്ചും പരിഹാരങ്ങളും റിപ്പോർട്ടിലുണ്ട്. കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ. ജോയ് തോമസാണ് ഉപസമിതി കൺവീനർ. ഡി.സി.സി വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് പടവൻ, ജനറൽ സെക്രട്ടറി ബിജോ മാണി, അടിമാലി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോർജ് തോമസ്, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് എന്നിവരാണ് അംഗങ്ങൾ.