മൂലമറ്റം: അറക്കുളം പഞ്ചായത്തിൽ പതിപ്പള്ളി ട്രൈബൽ സ്കൂളിൽ 60 വയസ്സ് പൂർത്തിയായവരുടെ ഒത്ത് ചേരൽ ഏറെ ഹൃദ്യമായി. വയോജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് അധികൃതർക്ക് നേരിട്ട് അറിയുന്നതിനും അവർക്ക് വേണ്ടി ആവിഷ്ക്കരിക്കുന്ന വിവിധ പദ്ധതികൾ വിവരിക്കുന്നതിനും അവരിലെ കഴിവുകൾ അവതരിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു ഈ ഒത്ത് ചേരൽ സംഘടിപ്പിച്ചത്.അംഗൻവാടി വികസന സമിതിയംഗങ്ങൾ,ഊര് മൂപ്പൻമാർ, ട്രൈബൽ പ്രമോട്ടർമാർ,കുടുംബശ്രീ അംഗങ്ങൾ,ആരോഗ്യ പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങി വാർഡിലെ വിവിധ മേഖലകളിലുള്ളവർ സംഗമത്തിൽ പങ്കെടുത്തു.നാടൻ പാട്ടുകളും, കഥകളും,കൂത്തിൻ്റെ ചുവടുകളും, ഭക്തിഗാനങ്ങളും,ഗോത്ര ഗാനങ്ങളും വയോജനങ്ങൾ അവതരിപ്പിച്ചത് സംഗമത്തിന് ഉൽസവ പ്രതീതി ഉണർത്തി.ചേമ്പ് പുഴുങ്ങിയതും, മത്തങ്ങാ പായസവും,മറ്റ് നാടൻ വിഭവങ്ങളും മുറം,കുട്ട,ഓലപ്പന്ത്, ഓലപീപ്പി തുടങ്ങിയവയും വാർഡിലെ 4 അംഗൻവാടി പരിധിയിൽ രൂപീകരിച്ചിട്ടുള്ള വയോജന ക്ലബ്ബുകളിൽ നിന്നും എത്തിച്ചു. വയോജന പെൻഷൻ മസ്റ്ററിങ്ങ് നടത്താത്തവരുടെ രേഖകളും സംഗമത്തിൽ ഏറ്റ് വാങ്ങി.വാർഡ് മെമ്പർ പി ഏ വേലുക്കുട്ടന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വയോജന സംഗമം കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായ ടോമി ജോസഫ് ഉദ്ഘാടനം ചെയ്തു.ജില്ലാ സാമൂഹ്യക്ഷേമ വികസന വകുപ്പ് കൗൺസിലർ എസ് .അനസ് വയോജനങ്ങൾക്കായുള്ള സർക്കാർ പദ്ധതികൾ സംബന്ധിച്ച് വിവരണം നടത്തി.പഞ്ചായത്ത്‌ മെമ്പർ സുശീല ഗോപി,ഐസി ഡിഎസ് സൂപ്പർവൈസർ വി.എസ് നിഷാ മോൾ,ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ആനിയമ്മ ഫ്രാൻസിസ്, പതിപ്പള്ളി ട്രൈബൽ സ്കൂൾ ഹെഡ്മാസ്റ്റർ എൻ.ടി വൽസമ്മ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ.കെ സുധാഭായി,കെ.ജി മഞ്ജു എന്നിവർ യോഗത്തിൽ സംസാരിച്ചു.