കൊച്ചി: നിർമ്മാണത്തൊഴിലാളി ക്ഷേമനിധിയിലേക്ക് ലഭിക്കേണ്ട തുക പിരിച്ചെടുക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ക്ഷേമനിധി സെസ് പിരിക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു.
കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (കെ.കെ.എൻ.ടി.സി) ഏർപ്പെടുത്തിയ കെ.പി. എൽസേബിയൂസ് പുരസ്കാരം ഐ.എൻ.ടി.യുസി ഇടുക്കി ജില്ലാ പ്രസിഡന്റ് ജോർജ് കരിമറ്റത്തിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.പി. എൽസേബിയൂസിന്റെ പരിശ്രമഫലമായാണ് നിർമ്മാണത്തൊഴിലാളി ക്ഷേമ ബോർഡ് രൂപീകരിക്കപ്പെട്ടത്. അവിശ്രമമായ പ്രവർത്തനങ്ങളിലൂടെ നിർമ്മാണ തൊഴിലാളികളെ സംഘടിപ്പിക്കാനും അവകാശങ്ങൾ നേടിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. അവരുടെ കഷ്ടപ്പാടും ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് ക്ഷേമനിധി രൂപീകരിച്ചത്. ക്ഷേമനിധി സജീവമാക്കാൻ നടത്തുന്ന സമരത്തിന് കോൺഗ്രസ് പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് തമ്പി കണ്ണാടൻ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി., ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വി.പി. ജോർജ്, കെ.കെ. ഇബ്രാഹിംകുട്ടി, വി.ആർ. പ്രതാപൻ തുടങ്ങിയവർ പ്രസംഗിച്ചു.