മുട്ടം: കാട്ട് പന്നികളെ വെടി വെച്ച് കൊല്ലാനുള്ള അനുമതി പത്രം മുട്ടം പഞ്ചായത്തിൽ നിന്ന് കർഷകർക്ക് കൈമാറി.കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ട് പന്നികളെ വെടിവെച്ച് കൊല്ലാനുള്ള അനുമതി തദ്ദേശ സ്ഥാപന അദ്ധ്യക്ഷർക്കും സെക്രട്ടറിമാർക്കും നൽകി സർക്കാർ ഇറക്കിയ ഉത്തരവിനെ തുടർന്നാണ് മുട്ടം പഞ്ചായത്ത്‌ അധികൃതരുടെ നടപടി.പഞ്ചായത്ത്‌ പ്രദേശത്തുള്ള പച്ചിലാംകുന്ന്,പിസിറ്റി, ഇടപ്പള്ളി,കാക്കൊമ്പ്,കന്യാമല, കരിക്കനാംപാറ,കണ്ണാടിപ്പാറ,തുടങ്ങാനാട്,ശങ്കരപ്പള്ളി,എള്ളുമ്പുറം എന്നിങ്ങനെ പ്രദേശങ്ങളിലെ കർഷകരുടെ വിവിധ കാർഷിക വിളകൾ കാട്ട് പന്നികൾ വ്യാപകമായി നശിപ്പിക്കുന്നത് നിത്യസംഭവമായിരുന്നു.ഇത്തരം സംഭവങ്ങൾ ആവർത്തിച്ച് ഭീമമായ നഷ്ടങ്ങളുണ്ടാകുന്നത് കർഷകരെ ഏറെ ആശങ്കപ്പെടുത്തുകയും ചെയ്തിരുന്നു.രാത്രികാലങ്ങളിൽ എത്തുന്ന കാട്ട് പന്നികളെ തുരത്താൻ പടക്കം പൊട്ടിച്ചും,തോട്ട എറിഞ്ഞും,പാട്ട കൊട്ടി ശബ്ദമുണ്ടാക്കിയും കർഷകർ വിളഭൂമിയിൽ പുലർച്ചെ സമയം വരെ കാവൽ നിൽക്കുന്ന അവസ്ഥയുമായിരുന്നു.പ്രശ്ന പരിഹാരത്തിന് മുട്ടം പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ തോക്കിന് ലൈസൻസുള്ളവർ,കാട്ട് പന്നിയുടെ ആക്രമണത്തിൽ കൃഷി നാശം സംഭവിച്ച കർഷകർ,വിവിധ വകുപ്പ് അധികൃതർ എന്നിവരുടെ യോഗം ചേർന്ന് കളക്ടർ,ഫോറസ്റ്റ് അധികൃതർ എന്നിവരെ വിവരം അറിയിച്ചിരുന്നു.ഇതേ തുടർന്ന് തോക്കിന് ലൈസൻസുള്ള കർഷകർക്ക് കൃഷി നശിപ്പിക്കുന്ന കാട്ട് പന്നികളെ വെടി വെച്ച് കൊല്ലാനുള്ള സർക്കാർ ഉത്തരവിന്റെ പകർപ്പ് കഴിഞ്ഞ ദിവസം മുട്ടം പഞ്ചായത്തിലേക്ക് ലഭിച്ചിരുന്നു. കാട്ട് പന്നികളെ വെടി വെച്ച് കൊല്ലാൻ 9 ആളുകൾ പഞ്ചായത്തിനെ സമീപിച്ചെങ്കിലും 6 ആളുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്.