തൊടുപുഴ: കേരളത്തിന്റെ എക്കാലത്തെയും ആശങ്കയായ മുല്ലപ്പെരിയാർ വിഷയം പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേരളകൗമുദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇടുക്കി ജില്ലയുടെ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം എന്നും ഒരു നിലപാടെടുത്തിട്ടുണ്ട്. മുല്ലപ്പെരിയാർ കേരളത്തിന്റെ സുരക്ഷയെ ഏറ്റവുമധികം ബാധിക്കാൻ സാദ്ധ്യതയുള്ളതിനാൽ തമിഴ്‌നാടിന് ആവശ്യമായ ജലം നൽകി കൊണ്ട് തന്നെ അവിടെയൊരു പുതിയ ഡാമുണ്ടാകണം. കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് ആവശ്യമായ ജലലഭ്യതയും ഉറപ്പ് വരുത്താൻ കഴിയുന്നൊരു നിലപാടാണ് നമ്മൾ സ്വീകരിക്കുന്നത്. സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ അടുത്തിടെ നമ്മളെടുത്ത തീരുമാനങ്ങളെല്ലാം അതിലേക്ക് കൂടി വിരൽ ചൂണ്ടുന്നതാണ്. നമ്മുടെ ആവശ്യം നേടിയെടുക്കുന്നതിനൊപ്പം അയൽസംസ്ഥാനമെന്ന നിലയിൽ തമിഴ്‌നാടുമായുള്ള സൗഹൃദവും ഒരുപോലെ കാത്തുകൊണ്ടുപോകാൻ കഴിയുന്ന അന്തരീക്ഷമുണ്ടാകണമെന്നാണ് സർക്കാരും ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇറിഗേഷൻ ടൂറിസം നടപ്പിലാക്കും
ജലവിഭവ വകുപ്പിന് കീഴിലുള്ള ഡാമുകളുടെയും നദികളുടെയും തീരങ്ങളിൽ കെ.എസ്.ഇ.ബിക്ക് ഹൈഡൽ ടൂറിസമെന്ന പോലെ ഇറിഗേഷൻ ടൂറിസത്തിനുള്ള ആരംഭം കുറിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജലസംരക്ഷണം മാത്രമല്ല ജലസേചന വകുപ്പിന്റെ ലക്ഷ്യം. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാകുന്ന ഇറിഗേഷൻ മ്യൂസിയം ഇടുക്കി ആർച്ച് ഡാമിന് സമീപം ആരംഭിക്കാൻ പദ്ധതിയുണ്ട്. ഇതെല്ലാം ടൂറിസം രംഗത്ത് വലിയ മാറ്റങ്ങൾക്ക് കാരണമാകും. കൃഷിക്ക് യോജിച്ച വിധത്തിലുള്ള കാർഷിക സൗഹൃദ വകുപ്പാക്കി മാറ്റുകയെന്നുള്ളത് കൂടിയാണ്. മുൻകാലങ്ങളിലെ പോലെ വയലുകൾക്ക് മാത്രമല്ല ചെറുകിട ജലസേചന പദ്ധതികളിലൂടെ നാണ്യവിളകൾക്ക് കൂടി വെള്ളം നൽകി ഉത്പാദനം കൂട്ടുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഉപന്യാസ മത്സരവിജയകൾ സമ്മാനമേറ്റു വാങ്ങി
കേരളകൗമുദി സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനം ഡീൻ കുര്യാക്കോസ് എം.പി വിതരണം ചെയ്തു. കേരളകൗമുദി സംഘടിപ്പിച്ച ഇടുക്കി ജില്ലാ സുവർണജൂബിലി ആഘോഷത്തോടനുബന്ധിച്ച്'എന്റെ ഇടുക്കി എന്റെ സ്വപ്നം' എന്ന വിഷയത്തിലായിരുന്നു ഉപന്യാസ മത്സരം നടത്തിയത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ഡോൺ സിബി (വിമല പബ്ളിക് സ്‌കൂൾ, തൊടുപുഴ), രണ്ടാം സ്ഥാനം നേടിയ ശ്രീലക്ഷ്മി ബൈജു (ജയറാണി പബ്ളിക് സ്‌കൂൾ, തൊടുപുഴ), മൂന്നാം സ്ഥാനം നേടിയ അനത ശിവൻ (ഡോ. എ.പി.ജെ അബ്ദുൾകലാം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, തൊടുപുഴ) എന്നിവരും മെമന്റോയും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി. ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ നന്ദന പി. നായർ (സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂൾ, തൊടുപുഴ), രണ്ടാം സ്ഥാനം നേടിയ ദേവിക സന്തോഷ് (സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂൾ തൊടുപുഴ) എന്നിവരും മെമന്റോയും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി. യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം പങ്കിട്ട അന്ന സി. പ്രജീഷും (വിമല പബ്ളിക് സ്‌കൂൾ, തൊടുപുഴ) ശ്രേയ അനിലും (റോസ്‌മെഡ് ഇന്റർനാഷണൽ സ്‌കൂൾ, കഞ്ഞിക്കുഴി) രണ്ടാം സ്ഥാനം നേടിയ ജ്യോത്സന ജോസ് (സി.കെ.വി.എച്ച്.എസ്.എസ്, വെള്ളിയാമറ്റം) മൂന്നാം സ്ഥാനം പങ്കിട്ട അമേയ സുനിലും (സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂൾ, തൊടുപുഴ) മെറിൻ ജോർജ്ജും (സെന്റ് ജോർജ്ജ് യു.പി സ്‌കൂൾ മൂലമറ്റം) മെമന്റോയും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി. പ്രോത്സാഹനസമ്മാനം നേടിയ കുട്ടികൾക്ക് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജും ജില്ലാ പഞ്ചായത്ത് മെമ്പർ ഇന്ദു സുധാകരനും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.