തൊടുപുഴ: സി.ഐ.ടി.യു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് ആയിരങ്ങൾ പങ്കെടുത്ത പ്രകടനം തൊഴിലാളി സംഘടനയുടെ ശക്തി വിളിച്ചോതുന്നതായി. ഉച്ചയ്ക്ക് ശേഷം മുനിസിപ്പൽ മൈതാനിയിൽ നിന്നാരംഭിച്ച പൊതുപ്രകടനം ടൗൺ ചുറ്റി പൊതുസമ്മേളന നഗറായ മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ സംഗമിച്ചു. പൊതുസമ്മേളനം ദേശീയ വൈസ് പ്രസിസന്റ് ജെ. മേഴ്‌സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ. തിലകൻ അദ്ധ്യക്ഷനായി. നേതാക്കളായ കെ.കെ. ജയചന്ദ്രൻ, എം.എം. മണി എം.എൽ.എ, കെ.പി. മേരി, കെ.കെ. ദിവാകരൻ, കെ.എസ്. സുനിൽകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.എസ്. മോഹനൻ സ്വാഗതം പറഞ്ഞു. സമ്മേളനാനന്തരം ഗായകൻ അലോഷിയുടെ ഗസൽ സന്ധ്യയും അരങ്ങേറി.
രാവിലെ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചകൾക്ക് ജില്ലാ സെക്രട്ടറി കെ.എസ്. മോഹനൻ, കെ.കെ. ജയചന്ദ്രൻ, കെ.കെ. ദിവാകരൻ എന്നിവർ മറുപടി പറഞ്ഞു. എം.എം മണി എം.എൽ.എ പങ്കെടുത്തു. എം.കെ. മോഹനൻ ക്രഡൻഷ്യൽ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ.എസ്. മോഹനൻ ഭാവി പരിപാടികളും അവതരിപ്പിച്ചു. ചർച്ചകൾക്ക് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ. മേഴ്‌സിക്കുട്ടി അമ്മ മറുപടി പറഞ്ഞു.