തൊടുപുഴ: പോക്‌സോ കേസിൽ യുവാവിന് 35 വർഷം കഠിന തടവും 1.80 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോടിക്കുളം ചെറുതോട്ടുങ്കൽ മക്കുപാറയ്കൽ ആൽബിൻ ആന്റണിയെയാണ് തൊടുപുഴ പോക്‌സോ, പ്രത്യേക കോടതി ജഡ്ജി നിക്‌സൻ എം. ജോസഫ് ശിക്ഷിച്ചത്. മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ രാത്രി സമയത്ത് വീട്ടിൽ അതിക്രമിച്ചു കടന്ന് പല തവണ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനാണ് ശിക്ഷ പിഴ ഒടുക്കുന്നതിൽ വീഴ്ച വരുത്തിയാൽ 6 മാസം തടവും അനുഭവിക്കണം. 2016 നവംബർ 18 ന് വീടിന്റെ ജനൽ കമ്പി തകർത്ത് അതിക്രമിച്ച് കടന്ന കുട്ടിയെ ബലാത്സംഘത്തിന് ഇരയാക്കിയെന്നാണ് കേസ്. സംഭവത്തിന് ശേഷം ചൈൽഡ് ലൈൻ പ്രവർത്തകരുടെ കൗൺസലിംഗിലാണ് പീഡന വിവരം പുറത്തു വന്ന്. ഇരയ്ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും നിർദ്ദേശമുണ്ട്. വിചാരണയ്ക്കിടെ ഒളിവിൽ പോയ പ്രതിയുടെ ജാമ്യം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.