kurinji
നീലക്കുറിഞ്ഞി പൂത്ത കള്ളിപ്പാറയിൽ കൈറ്റ്‌സ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തിയ ക്ലീനിങ്ങ് ഡ്രൈവിൽ നിന്ന്

 കള്ളിപ്പാറയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി

ശാന്തമ്പാറ: കള്ളിപ്പാറയിൽ പ്രകൃതിയൊരുക്കിയ നീലക്കുറിഞ്ഞി വസന്തം കാണാനെത്തിയവർ തിരികെ പരിസ്ഥിതിക് സമ്മാനിച്ചത് മാലിന്യ നിക്ഷേപം. ഇരുപത് ചാക്കിലധികം പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് മാലിന്യമാണ് കള്ളിപ്പാറയിൽ നിന്ന് കണ്ടെടുത്തത്. ഓരോ ദിവസവും ആയിരക്കണക്കിന് സഞ്ചാരികളാണ് നീലക്കുറിഞ്ഞി കാണാനെത്തിയിരുന്നു. ഇവരിൽ നിരവധി പേർ ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കവറുകളും നിറഞ്ഞ് വളരെ വൃത്തിഹീനമായ നിലയിലാണ് കള്ളിപ്പാറയിലെ പല ഭാഗങ്ങളും. നടൻ നീരജ് മാധവ് ഉൾപ്പെടെ പ്രമുഖർ കള്ളിപ്പാറയിലെ ഈ അവസ്ഥയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. തുടർന്ന് കൈറ്റ്‌സ് ഇന്ത്യയുടെ നേതൃത്വത്തിൽ ശാന്തമ്പാറ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടുകൂടി കള്ളിപ്പാറയിൽ ക്ലീനിങ് ഡ്രൈവും ബോധവത്കരണവും സംഘടിപ്പിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുപ്പതോളം കൈറ്റ്‌സ് വളണ്ടിയർമാരാണ് ക്ലീനിങ്ങ് ഡ്രൈവിൽ പങ്കെടുത്തത്. ഇരുപത് ചാക്കിലധികം പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് വേസ്റ്റുമാണ് കള്ളിപ്പാറയിൽ നിന്ന് ക്ലീനിങ് ഡ്രൈവിന്റെ ഭാഗമായി സമാഹരിച്ചത്. കൈറ്റ്‌സ് ഇന്ത്യയുടെ 'ദ ഫ്യുചർ പ്രോജക്ട് " എന്ന പദ്ധതിയുടെ ഭാഗമായി നടന്ന ക്ലീനിങ് ഡ്രൈവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി റംഷാദ്.എ ക്ലീനിങ് ഡ്രൈവ് ഉദ്ഘാടനം ചെയ്തു. കൈറ്റ്‌സ് ഇന്ത്യ ഫൗണ്ടറും മാനേജിങ് ഡയറക്ടറുമായ ക്ലെയർ സി. ജോൺ അദ്ധ്യക്ഷത വഹിച്ചു. പ്രൊജക്ട് ഡയറക്ടർ വിഷ്ണു ഉല്ലാസ്, കോർഡിനേറ്റർ ഗായത്രി സി. രാജ് എന്നിവർ നേതൃത്വം നൽകി. ആശയാധിഷ്ഠിത ടൂറിസം എന്ന ആശയത്തെ മുൻനിറുത്തി കൊണ്ട് കേരളത്തിൽ ആദ്യമായി തുടക്കം കുറിച്ച, മൂന്നാറിൽ ഏഴ് നിറങ്ങളിലുള്ള വിബ്ജയോർ മൂന്നാർ പദ്ധതി രൂപപ്പെടുത്തിയതും കൈറ്റ്‌സ് ഇന്ത്യ ആയിരുന്നു. പ്രസ്തുത പദ്ധതയുടെ അവസാന ഘട്ട തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ നിന്ന് പ്രവർത്തനങ്ങളാരംഭിച്ച് ഇന്ന് ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന യുവജന സന്നദ്ധ കൂട്ടായ്മയായ കൈറ്റ്‌സ് ഇന്ത്യയിലെ പിന്നാക്ക മേഖലകളിൽ കമ്മ്യൂണിറ്റി ലൈബ്രറികളും മൈക്രോ ലേണിംഗ് ഹബുകളും നിർമ്മിച്ചു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.