ചെറുതോണി: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഡിജിറ്റൽ സർവെ 'എന്റെ ഭൂമി'യുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ജില്ലാ കളക്ടർ ഷീബ ജോർജ് അദ്ധ്യക്ഷത വഹിക്കും.
'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന്റെ ഭാഗമായി നാല് വർഷം കൊണ്ട് സംസ്ഥാനത്തെ മുഴുവൻ ഭൂമിയും ശാസ്ത്രീയ രീതിയിൽ സർവെ ചെയ്ത് കൃത്യമായ രേഖകൾ തയ്യാറാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ആധുനിക സാങ്കേതിക വിദ്യകളും നൂതന സർവേ ഉപകരണങ്ങളും ഉപയോഗിച്ചു കൊണ്ട് ബഹുജന പങ്കാളിത്തത്തോടെയാണ് സർവെ, ഭൂരേഖ വകുപ്പ് ഡിജിറ്റൽ സർവെ നടത്തുന്നത്. ആദ്യഘട്ടത്തിൽ ജില്ലയിലെ 13 വില്ലേജുകളിലാണ് സർവെ നടത്തുന്നത്.