തൊടുപുഴ: 140 കിലോമീറ്ററിലധികം ദൈർഘ്യമുള്ള റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് താത്കാലികമായി പെർമിറ്റ് അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരായി. നാല് മാസത്തേക്ക് താത്കാലിക പെർമിറ്റ് അനുവദിക്കാനാണ് തീരുമാനം. ഇത്തരം സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നൽകേണ്ടെന്ന സർക്കാർ തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിൻ ഗതാഗത മന്ത്രി ആന്റണി രാജുവിന് കത്ത് നൽകിയിരുന്നു. തുടർന്ന് മന്ത്രിയുടെ ഇടപെടലിലാണ് പ്രശ്‌നത്തിൽ അനുകൂലമായ തീരുമാനം ഉണ്ടായത്. പുതിയ തീരുമാന പ്രകാരം ഇടുക്കിയിൽ 80 ബസുകളുടെ പെർമിറ്റാണ് പുനഃസ്ഥാപിക്കപ്പെടുന്നത്. പെർമിറ്റ് പുതുക്കേണ്ട എന്ന തീരുമാനം ഇടുക്കിയിൽ യാത്രക്ലേശം രൂക്ഷമാക്കിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. മറയൂർ, കാന്തലൂർ, കോവിലൂർ, സൂര്യനെല്ലി, കുമളി, നെടുങ്കണ്ടം, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള യാത്രക്കാരെ പെർമിറ്റ് റദ്ദാക്കാനുള്ള തീരുമാനം പ്രതികൂലമായി ബാധിച്ചിരുന്നു. ഈ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി വളരെ കുറച്ചു സർവീസുകൾ മാത്രമാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ ഇവിടങ്ങളിലുള്ളവർ കൂടുതലും ആശ്രയിക്കുന്നത് സ്വകാര്യ ബസ് സർവീസുകളെയാണ്. ഇവ ഇല്ലാതാകുന്നത് സ്‌കൂൾ- കോളേജ് വിദ്യാർത്ഥികളെയും രാത്രി യാത്രക്കാരെയുമടക്കം ദുരിതത്തിലാക്കി എന്നും മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. തുടന്ന് മന്ത്രി ആന്റണി രാജു അടിയന്തരമായി പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു.

ഹൈറേഞ്ചിൽ വനമേഖലയിലൂടെയാണ് കൂടുതൽ ബസുകളും ഓടുന്നത്. കോവിൽ കടവിൽനിന്ന് സർവീസ് തുടങ്ങുന്ന ബസ് കോതമംഗലത്ത് എത്തുമ്പോഴേക്കും 140 കിലോമീറ്റർ പരിധിയിലെത്തും. ഇതിനിടയ്ക്ക് മറയൂർ, മൂന്നാർ, അടിമാലി, നേര്യമംഗലം എന്നിങ്ങനെ മാത്രമാണ് പ്രധാന സ്റ്റോപ്പുകൾ ഉള്ളത്. ബാക്കി ഭൂരിഭാഗം സ്ഥലങ്ങളും വനത്തിലൂടെ വേണം പോകാൻ. കോതമംഗലം മേഖലയിൽനിന്ന് ഹൈറേഞ്ചിലേക്ക് സർവിസ് നടത്തുന്ന 32 ബസുകൾ ഉൾപ്പെടെ ഇടുക്കിയിൽ 80 ബസുകളുടെ പെർമിറ്റാണ് നിറുത്തലാക്കിയിരുന്നത്.

സർക്കാർ 2016ലെടുത്ത തീരുമാനം

കെ.എസ്.ആർ.ടി.സി റൂട്ട് ദേശസാത്കൃതമാക്കുന്നതിന്റെ ഭാഗമായി ദീർഘദൂരങ്ങളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കിനൽകേണ്ടതില്ലെന്ന് 2016ൽ സർക്കാർ തീരുമാനത്തിലെത്തിയിരുന്നു. ഇതിനെതിരെ സ്വകാര്യ ബസ് ഉടമകൾ കോടതിയെ സമീപിച്ചു. കേസിൽ കെ.എസ്.ആർ.ടി.സി കക്ഷി ചേരുകയും ചെയ്തു. അടുത്തിടെ കേസ് പരിഗണിച്ച കോടതി കെ.എസ്.ആർ.ടി.സിയുടെ വാദം അംഗീകരിക്കുകയും 140 കിലോമീറ്ററിലധികം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് ഏറ്റെടുക്കുമെന്നും അറിയിച്ചു. എന്നാൽ ദീർഘദൂര സർവീസുകാർ നിറുത്തലാക്കിയ ഇടങ്ങളിൽ കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കാത്തതോടെയാണ് യാത്രാക്ലേശം രൂക്ഷമായത്.