vijilence
വിജിലൻസ് മുട്ടം ഓഫീസിൽ നടപ്പാക്കുന്ന വിവിധ വികസന പ്രവർത്തങ്ങളായ ട്രയിനിങ്ങ് സെന്റർ, സോളാർ പ്ലാന്റ്, ലിഫ്റ്റ് എന്നിവയുടെ ശിലാഫലകം പി ജെ ജോസഫ് എം എൽ എ അനാച്ഛാദനം ചെയ്യുന്നു

തൊടുപുഴ: സർക്കാർ സംവിധാനം മുഴുവൻ അഴിമതി രഹിതമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഇടുക്കി യൂണിറ്റിൽ പണികഴിപ്പിച്ച മുട്ടം ട്രെയിനിങ് സെന്റർ, സോളാർ പവർ പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ വകുപ്പുകൾ പൂർണ്ണമായും അഴിമതി രഹിതമാണെന്ന് പറയുന്നില്ല. ചില പുഴുക്കുത്തുകൾ ഉദ്യോഗസ്ഥർക്കിടയിൽ അവശേഷിക്കുന്നുണ്ട്. ഇവരെക്കൂടി കണ്ടെത്തി സർക്കാർ സംവിധാനം മുഴുവൻ അഴിമതി രഹിതമാക്കും.

വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ശക്തിപ്പെടുത്തുന്നതിനായുള്ള അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായാണ് ട്രെയിനിങ് സെന്റർ നിർമ്മിക്കുകയും ലിഫ്റ്റ് സ്ഥാപിക്കുകയും ചെയ്തത്. ആധുനിക സൗകര്യങ്ങളോടെയാണ് വിജിലൻസ് ഓഫീസിൽ ട്രെയിനിങ് സെന്റർ സജ്ജീകരിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് വകുപ്പിൽ നിന്നും അനുവദിച്ച 34,35,105 രൂപ ഉപയോഗിച്ചായിരുന്നു നിർമ്മാണം. മുട്ടത്തെ വിജിലൻസ് കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ട്രെയിനിങ് സെന്റർ സജ്ജീകരിച്ചിരിക്കുന്നത്. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത ട്രെയിനിങ് ഹാളിൽ പബ്ലിക് അഡ്രസ് സിസ്റ്റം, പ്രൊജക്ടർ, പോഡിയം എന്നിവയുൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം മുട്ടം വജിലൻസ് ഓഫീസിന്റെ ടെറസിൽ സോളാർ പാനലുകളും സ്ഥാപിച്ചു.

മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി അദ്ധ്യക്ഷത വഹിച്ചു. മുട്ടം വിജിലൻസ് ഓഫീസ് ഹാളിൽ നടത്തിയ പ്രാദേശിക ചടങ്ങിന്റെ ഉദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എ. നിർവഹിച്ചു. പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ രമ്യ പി.എസ്. റിപ്പോർട്ട് അവതരിപ്പിച്ചു. ക്രൈംബ്രാഞ്ച് എസ്.പി കെ.എം ജിജിമോൻ, വിജിലൻസ് ഡിവൈ.എസ്.പി ഷാജു ജോസ്, ഇന്റലിജൻസ് ഡിവൈ.എസ്.പി ആർ. സന്തോഷ് കുമാർ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.സദൻ, സി.ഐമാരായ ടിപ്‌സൺ തോമസ്, പ്രിൻസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.