കട്ടപ്പന: വെള്ളത്തൂവലിന് സമീപം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 48 വർഷം തടവും പിഴയും ശിക്ഷ. പെൺകുട്ടിയുടെ അമ്മയുടെ സഹോദരനെയാണ് ഇടുക്കി അതിവേഗ പ്രത്യേക ജഡ്ജി ശിക്ഷിച്ചത്. 2015- 2017 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പീഡനം നടന്ന് ആറു വർഷങ്ങൾക്കുശേഷമാണ് സംഭവം പുറംലോകം അറിയുന്നത്. വീട്ടിലെ ബുദ്ധിമുട്ട് കാരണം 12 വയസുകാരി പഠനം നടത്തിയിരുന്നത് അമ്മയുടെ വീട്ടിൽ നിന്നാണ്. ഇവിടെ വച്ചാണ് അമ്മാവൻ നിരന്തരം ലൈഗിക പീഡനത്തിന് പെൺകുട്ടിയെ ഇരയാക്കിയത്. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയങ്ങളിൽ ആയിരുന്നു പീഡനം. 2021വരെ പെൺകുട്ടി പീഡന വിവരം പുറത്തു പറഞ്ഞിരുന്നില്ല. സമാനമായ ദുരവസ്ഥ മറ്റൊരാളിൽ നിന്ന് പെൺകുട്ടിക്ക് വീണ്ടും ഉണ്ടായി. ആ കേസിൽ ചൈൽഡ്‌ലൈൻ കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെയാണ് അമ്മയുടെ സഹോദരനും മുമ്പ് പീഡിപ്പിച്ചെന്ന വിവരം പുറത്തുവരുന്നത്. തുടർന്ന് 2021ൽ ചൈൽഡ് ലൈനിന്റെ നിർദ്ദേശപ്രകാരം വെള്ളത്തൂവൽ പൊലീസ് പ്രതിക്കെതിരെ കേസെടുത്തു. വിവിധ വകുപ്പുകളിലായി 48 വർഷമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും ഉയർന്ന ശിക്ഷയായ പത്തുവർഷം തടവ് അനുഭവിച്ചാൽ മതിയാകും. 40,000 രൂപ പിഴയും ഒടുക്കണം. കുട്ടിയുടെ പുനരധിവാസത്തിന് ജില്ലാ ലീഗൽ സർവീസ് അതോറിട്ടി അമ്പതിനായിരം രൂപയും നൽകണം. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോ മോൻ ജോസഫ് ഹാജരായി.