
തൊടുപുഴ: കഞ്ചാവുമായി തലയോലപ്പറമ്പ് സ്വദേശികളായ രണ്ട് യുവാക്കളെ തൊടുപുഴ പൊലീസ് പിടികൂടി. തലയോലപ്പറമ്പ് വടയാർ ഇടത്തിപ്പറമ്പിൽ അഭിജിത്ത് അനിൽ (22), തലയോലപ്പറമ്പ് വടയാർ ഐകരയിൽ രോഹിത് (23) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ ആനക്കൂട് ഭാഗത്ത് പൊലീസ് പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് പേരെ കണ്ടതിനെ തുടർന്ന് വാഹനം നിറുത്തിയപ്പോൾ ഇവർ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. തുടർന്ന് പിന്നാലെയെത്തിയാണ് പൊലീസ് ഇരുവരെയും പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് 72 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പ്രതികളിലൊരാളുടെ അമ്മയുടെ പേരിലുള്ള വീടാണിത്. ഇവിടെ നിന്ന് കഞ്ചാവ് ചെറിയ പൊതികളാക്കുന്ന ചെറിയ പ്ലാസ്റ്റിക് കവറുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തുണിവ്യാപാരത്തിനാണ് തൊടുപുഴയിലെത്തിയതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. തുണി വ്യാപാരത്തിന് മറവിൽ കഞ്ചാവ് കച്ചവടം നടത്തുന്നതാണോയെന്നും എവിടെ നിന്നാണ് ലഹരി ലഭിച്ചതെന്നും അന്വേഷിക്കുമെന്ന് തൊടുപുഴ എസ്.ഐ ബൈജു പി. ബാബു പറഞ്ഞു.