
മാങ്കുളം: ആനക്കുളത്തിനടുത്ത് കുറ്റിക്കാട്ടിൽ നാല് പുലിക്കുഞ്ഞുങ്ങളെ കണ്ടത് പ്രദേശവാസികൾ ആശങ്കയിലാക്കി. വല്യ പാറക്കുത്ത് മണ്ണാറത്ത് പ്രിസിൻസിന്റെ കൃഷിസ്ഥലത്താണ് പുലിക്കുഞ്ഞുങ്ങൾ പ്രത്യക്ഷപ്പെട്ടത്. പുലി കുഞ്ഞുങ്ങളുമായി ഇവിടെ താമസമെങ്കിൽ ആളുകളെ കണ്ടാൽ ആക്രമിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. എന്നാൽ ഇത് പുലിക്കുഞ്ഞല്ല കാട്ടുപൂച്ചയാണെന്ന സംശയവും ചിലർ പ്രകടിപ്പിച്ചിട്ടുണ്ട്.
പുലിക്കുഞ്ഞുങ്ങളാണെങ്കിൽ എവിടെ നിന്നും പെട്ടന്നൊരു ദിവസം സ്വകാര്യ വ്യക്തി കൃഷിചെയ്യുന്ന സ്ഥലത്ത് പുലിക്കുട്ടികൾ മാത്രം എത്തി എന്നതും തള്ളപ്പുലിയുടെ സാമിപ്യം ഇതുവരെ ഇല്ലാത്തതും നാട്ടിലെ പ്രധാന സംസാരവിഷയമാണ്. ഇതിനും കഴിഞ്ഞ ദിവസം നാല് മയിലുകൾ ഇവിടെ പറന്ന് നടപ്പുണ്ടായിരുന്നു. ഇതിൽ രണ്ടെണ്ണത്തെ ചത്ത നിലയിൽ കണ്ടെത്തി. തണുപ്പുഉള്ള സ്ഥലങ്ങളിൽ മയിലുകൾക്ക് കലാവസ്ഥ പറ്റാത്തതാണ് ഇവ ചത്തു പോകാൻ കാരണമെന്ന് കർഷകർ പറയുന്നു .എന്നാൽ നാട്ടുകാരും വനംവകുപ്പും തമ്മിൽ അടിക്കടി ഉണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടും പുലി സാന്നിദ്ധ്യം കൂട്ടിവായിക്കുന്നവരുണ്ട്. ജനങ്ങളെ ഇവിടെ നിന്നും തുരത്തി ഓടിക്കാനുള്ള തന്ത്രമാണോ ഇതെന്ന് കർഷകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കുടി ഇറക്കു ഭീഷണി നേരിടുന്നതിന് മാങ്കുളത്ത് സർവ്വകക്ഷിയോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു.