kodiyeri

കണ്ണൂർ: വിഭാഗീയതയുടെ ഒറ്റപ്പെട്ട അപസ്വരങ്ങൾ പോലുമില്ലാതെ സി.പി. എം സംസ്ഥാന സമ്മേളനത്തിന് കഴിഞ്ഞ മാർച്ചിൽ കൊച്ചിയിൽ കൊടിയിറങ്ങുമ്പോൾ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മുഖത്തെ തിളക്കം അദ്ദേഹത്തിലെ മദ്ധ്യസ്ഥനുള്ള സാക്ഷ്യപത്രമായിരുന്നു. കോടിയേരി അങ്ങനെയാണ് ,എല്ലാറ്റിനും ഒരു കൈയടക്കമുണ്ട്. ചിരിച്ചു കൊണ്ട് ഏത് പർവ്വതത്തെയും കീഴടക്കാമെന്ന ആത്മവിശ്വാസമാണ് പ്രധാന മൂലധനം.

കർക്കശ നിലപാടുകൾ സൗമ്യമായി അവതരിപ്പിക്കാനുള്ള സ്വഭാവ വിശേഷമാണ് കോടിയേരിയെന്ന

രാഷ്ട്രീയക്കാരനെ വ്യത്യസ്തനാക്കുന്നത്.അഞ്ച് പതിറ്റാണ്ടോളം നീണ്ട സംഘടനാപ്രവർത്തന പരിചയവും ഭരണരംഗത്തെ അനുഭവങ്ങളുമാണ് കോടിയേരിയുടെ പാഠപുസ്തകം. വിഭാഗീയത കൊടികുത്തി വാണ

2015 ലെ ആലപ്പുഴ സമ്മേളനത്തിൽ നിന്ന് വി. എസ്.നടത്തിയ ഇറങ്ങിപ്പോക്കോടെ പാർട്ടി വലിയ വെല്ലുവിളികളെ നേരിട്ട വേളയിലാണ് കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. വി. എസ്. ഉൾപ്പടെയുള്ളവരെ ഒന്നിപ്പിച്ചു നിറുത്തണമെന്ന ഒത്തുതീർപ്പ് ഫോർമുല തയ്യാറാക്കുന്നതിലും കോടിയേരിക്ക് തുറന്ന മനസായിരുന്നു. വലിയ ഉത്തരവാദിത്വമാണ് പാർട്ടി ഏൽപ്പിക്കുന്നതെന്ന ബോദ്ധ്യത്തോടെ അദ്ദേഹം കളത്തിലിറങ്ങിയപ്പോൾ ,ഒരു പരിധി വരെ അപസ്വരങ്ങൾ അസ്ഥാനത്തായി. ചുമതലയേറ്റതു മുതൽ മദ്ധ്യസ്ഥന്റെ റോളിലായിരുന്നു. 2018ലെ തൃശൂർ സമ്മേളനത്തിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വിഭാഗീയത ഏതാണ്ട് പൂർണ്ണമായും തുടച്ചുനീക്കാൻ കഴിഞ്ഞു.

കൊച്ചി സമ്മേളനം കഴിയുന്നതിന്റെ തലേദിവസം പാർട്ടി സെക്രട്ടറി ആരായിരിക്കുമെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മുന്നിലും, അതൊക്കെ പാർട്ടി തീരുമാനിക്കുമെന്ന മറുപടിയിൽ ചെറു പുഞ്ചിരി ഒളിപ്പിച്ചിരുന്നു.ചില ജില്ലാ സമ്മേളനങ്ങളിലുണ്ടായ അപശബ്ദങ്ങൾ പ്രാദേശിക പ്രശ്നങ്ങളുടെ ഭാഗമായി കാണാനും കോടിയേരിയെ പ്രേരിപ്പിച്ചത് പഴയകാലം ആവർത്തിക്കില്ലെന്ന ആത്മവിശ്വാസം തന്നെ.