thatha
കാണാതായ ആഫ്രിക്കൻ ഗ്രേ തത്ത പീകാച്ചുവിനെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിൽ അദിതി

കണ്ണൂർ: തങ്ങളുടേതാണെന്ന അവകാശവാദത്തിന് മുന്നിൽ എന്തുചെയ്യണമെന്നറിയാതെ നിന്ന പൊലീസിന് മുന്നിൽ വളർന്ന വീടിന്റെ പേര് തന്നെ പറഞ്ഞ ആഫ്രിക്കൻ തത്ത മണിക്കൂറുകൾ നീണ്ട സസ് പെൻസ് പൊളിച്ചുകൊടുത്തു. കണ്ണൂർ ടൗൺ സ്റ്റേഷനിലാണ് നഷ്ടപ്പെട്ട ആഫ്രിക്കൻ ഗ്രേ തത്ത പീകാച്ചു യഥാർത്ഥ ഉടമ ആരെന്ന് കാട്ടിക്കൊടുത്ത് പൊലീസിന്റെ തലവേദന തീർത്തത്.
ആഫ്രിക്കൻ തത്തയ്ക്കായി രണ്ട് വീട്ടുകാർ അവകാശവാദവുമായി എത്തിയതാണ് പൊലീസിനെ വലച്ചത്. കഴിഞ്ഞ 27നാണ് തളാപ്പ് അമ്പിളിയിൽ ആനന്ദിന്റെ വീട്ടിലെ ആഫ്രിക്കൻ തത്ത കൂടുവിട്ടു പറന്നത്. മകളുടെ പ്രിയപ്പെട്ട തത്തയുടെ പോയതിന്റെ വിഷമത്തിലായിരുന്നു ആനന്ദ്.താവക്കരയിലെആശിർവാദ് ആശുപത്രികെട്ടിടത്തിൽ തത്തയെ കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ട്വിസ്റ്റ് തുടങ്ങി.നല്ല ഇണക്കം കാണിച്ച തത്തയെ അവിടുത്തെ ഒരു ഡോക്ടർ കൂട്ടിലാക്കി പഴങ്ങളും മറ്റും നൽകി സംരക്ഷിച്ചു. വിവരം ടൗൺ പൊലീസിനോട് അദ്ദേഹം തന്നെ അറിയിക്കുകയും ചെയ്തു. സ്‌റ്റേഷനിലേക്ക്‌ തത്തയെ എത്തിച്ച പൊലീസ് ഇൻസ്റ്റന്റ് ഗ്രാമിലൂടെ വിവരം പരസ്യപ്പെടുത്തി. ഇതിന് പിറകെ തിരൂർ സ്വദേശികളായ ഒരു കുടുംബം തങ്ങളുടെ നഷ്ടപ്പെട്ട തത്തയാണിതെന്ന അവകാശവാദവുമായി എത്തി. കഴിഞ്ഞ 24നാണ് ഇവരുടെ വീട്ടിൽ നിന്ന് ഇതേ ഇനത്തിലുള്ള തത്തയെ നഷ്ടപ്പെട്ടത്. എന്നാൽ ഇരിട്ടിയിൽ നിന്നും നാൽപതിനായിരം രൂപ കൊടുത്തുവാങ്ങിയ തന്റെ തത്തയാണിതെന്ന് വ്യക്തമാക്കി ആനന്ദും കുടുംബവും സ്‌റ്റേഷനിലെത്തിയതോടെ പൊലീസ് കൺഫ്യൂഷനിലായി.

ഇതിനിടെ ആപ്പിളും മുട്ടയുമൊക്കെ നൽകിയാണ് പൊലീസുകാർ ഇതിനെ സംരക്ഷിച്ചത്. അമ്പിളി, അമ്പിളി എന്ന് ആനന്ദിന്റെ വീടിന്റെ പേര് ഉരുവിട്ട തത്ത പൊലീസിന്റെ സംശയം നിവർത്തിച്ചതോടെ ആനന്ദിനും അദിതിക്കും തങ്ങളുടെ ഓമനയെ തിരിച്ചുകിട്ടുകയായിരുന്നു.