kodiyeri

തലശേരി: തലശേരിയിൽ നിന്നും വളർന്നുവന്ന എസ്. എഫ്. ഐയുടെ ഉശിരൻ വിദ്യാർത്ഥി പ്രവർത്തകനായിരുന്നു കോടിയേരി ബാലകൃഷ്ണൻ. തലശേരി കോടിയേരിയിൽ സ്‌കൂൾ അദ്ധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബർ 16നാണ് അദ്ദേഹം ജനിച്ചത്. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം മാഹി മഹാത്മാഗാന്ധി കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു. കോളേജ് യൂണിയൻ ചെയർമാനായിരുന്നു. തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ബിരുദവിദ്യാർഥിയായി. യൂണിവേഴ്സിറ്റി കോളേജ് വിദ്യാർഥിയായിരിക്കെ 1973ൽ എസ്.എഫ്‌.ഐ സംസ്ഥാന സെക്രട്ടറിയായി. 1979 വരെ ആ സ്ഥാനത്ത് തുടർന്നു.
1971ലെ തലശേരി കലാപകാലത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമായ യുവ നേതാക്കളിലൊരാളായിരുന്നു കോടിയേരി. സിപി എം ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച കോടിയേരി 198082ൽ ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു.1990-95ൽ സി.പി. എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 1988ലെ ആലപ്പുഴ സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗമായി. 1995ൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ കോടിയേരി 2002ൽ ഹൈദരാബാദ് 17ാം പാർടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലെത്തി.

2008ലെ 19ാം പാർടി കോൺഗ്രസിൽ പി.ബി അംഗമായി.അടിയന്തരാവസ്ഥയിൽ അറസ്റ്റിലായ കോടിയേരി, ലോക്കപ്പിൽ ക്രൂരമർദനത്തിന് ഇരയായി. മിസ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിൽ അടയ്ക്കപ്പെട്ടു. കർഷകരുടെ ആവശ്യങ്ങളുന്നയിച്ച് നടത്തിയ റെയിൽവേ സമരത്തിൽ പൊലീസിന്റെ ഭീകരമർദനമേറ്റു. 1982ൽ തലശേരിയിൽനിന്നാണ് ആദ്യമായി നിയമസഭാംഗമായത്. 1987, 2001, 2006, 2011ലും തലശേരിയെ പ്രതിനിധാനംചെയ്തു. 2006-11ൽ ആഭ്യന്തര, ടൂറിസം മന്ത്രിയായിരുന്നു. ജനമൈത്രി പൊലീസ് പദ്ധതി അക്കാലത്താണ് നടപ്പാക്കിയത്. 2001, 2011 പ്രതിപക്ഷ ഉപനേതാവായിരുന്നു. പാർലമെന്ററി രംഗത്തും ഭരണാധികാരി എന്ന നിലയിലും കഴിവുതെളിയിച്ച കോടിയേരി പാർടി സെക്രട്ടറി എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുകയായിരുന്നു. ഇ.കെ നായനാർക്കു ശേഷം നിറചിരിയുള്ള കണ്ണൂരിലെ നേതാക്കളിലൊരാളായാണ് കോടിയേരിയെ പാർട്ടിക്കുള്ളിലും പുറത്തും വിശേഷിപ്പിക്കാറുള്ളത്. കഴിഞ്ഞ ഏപ്രിലിൽ നടന്ന പാർട്ടി കോൺഗ്രസ് കാലത്താണ് കണ്ണൂരിൽ കൂടുതലായി കോടിയേരി കണ്ണൂരിൽ തങ്ങിയത്. അന്നേ ശാരീരിക അവശതകൾ അദ്ദേഹത്തെ അലട്ടിയിരുന്നുവെങ്കിലും ഊർജ്ജ്വസലമായി കോടിയേരി സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.