oniyan
കോടിയേരി

തലശ്ശേരി: കോടിയേരി ബാലകൃഷ്ണന്റെ പൊതുജീവിതമാരംഭിക്കുന്നത് കോടിയേരിയിലെ ഓണിയൻ ഹൈസ്‌കൂൾ പഠന കാലത്താണ്. മീശ മുളക്കാത്ത പ്രായത്തിൽ നാട്ടിൽ കമ്മ്യുണിസ്റ്റായി അറിയപ്പെട്ടിരുന്നു അദ്ദേഹം. കോടിയേരി പഞ്ചായത്ത് പ്രസിഡന്റും പ്രമുഖ കമ്മ്യൂണിസ്റ്റുമായ അമ്മാവൻ എം.എം.നാണു നമ്പ്യാരിൽ നിന്നും പകർന്നു കിട്ടിയതാണ് കമ്മ്യൂണിസ്റ്റ് രക്തം. സ്‌കൂളിലേക്ക് പോകും വഴി ബീഡിക്കമ്പനിയിൽ കയറി ഉച്ചത്തിൽ പത്രം വായിച്ചുകൊടുക്കുന്ന ബാലകൃഷ്ണനെ പഴയകാല ബീഡിത്തൊഴിലാളിയും ബഹുഭാഷാപണ്ഡിതനും, ചതുർഭാഷാ നിഘണ്ടു കർത്താവുമായ ഞാറ്റ്വേല ശ്രീധരൻ ഓർക്കുന്നു.
കെ.എസ്.യു.വിന് സമ്പൂർണാധിപത്യമായിരുന്നു ഓണിയൻ ഹൈസ്‌കൂളിൽ. എസ്.എഫ്.ഐ.യുടെ പൂർവ രൂപമായ കെ.എസ്.എഫിന്റെ സ്ഥാപകനായിരുന്നു കോടിയേരി.ഒരേ ക്ലാസ്സിൽ പഠിച്ചിരുന്ന എം.എം.ശശി യൂണിറ്റ് പ്രസിഡന്റും സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായിരുന്നു.പതിനാല് കുട്ടികൾ മാത്രമാണ് അന്ന് കെ.എസ്.എഫിൽ ഉണ്ടായിരുന്നത്.ആദ്യമായി ഈങ്ങയിൽ പീടികയിൽ നടന്ന വിദ്യാർത്ഥി പ്രകടനത്തിന് നേതൃത്വം നൽകിയത് തങ്ങളായിരുന്നുവെന്ന് ശശി ഓർക്കുന്നു. സാഹിത്യ സമാജത്തിൽ കോടിയേരി ഏറെ ശ്രദ്ധേയനായിരുന്നു. കോടിയേരി പ്രസംഗിക്കാൻ വരുമ്പോൾ തന്നെ സഹപാഠികൾ കൈയടിക്കും. പറയാനുള്ളത് വെട്ടിത്തുറന്ന് പറയും.പ്രസംഗ മത്സരങ്ങളിൽ സ്ഥിരം സമ്മാനിതനാകുന്ന കോടിയേരി, സ്‌കൂൾ നാടകങ്ങളിൽ സ്ഥിരമായി അഭിനയിക്കാറുണ്ട്.

കെ.എസ്.എഫ് പിന്നീട് എസ്.എഫ്.ഐ.യായി മാറിയതോടെ കോടിയേരി നേതൃനിരയിലേക്ക് അതിവേഗം വളരുകയായിരുന്നു.പാപ്പിനിശ്ശേരിയിൽ നടന്ന എസ്.എഫ്.ഐ. ജില്ലാ സമ്മേളനത്തിൽ ജില്ലയിലെ ഏറ്റവും കൂടുതൽ അംഗത്വമുള്ള യൂണിറ്റായി ഓണിയൻ സ്‌കൂൾ മാറിയിരുന്നു.എന്ന് .എഫ് .ഐ .രൂപികരിക്കപ്പെട്ടതിന് ശേഷം ഇന്നുവരെ വിദ്യാലയത്തിൽ ഈ സംഘടന മാത്രമേ വിജയിച്ചിട്ടുള്ളൂ.

ഏഴാംക്ളാസിൽ പിരിഞ്ഞ പിതാവ്
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കോടിയേരിക്ക് അച്ഛൻ നഷ്ടമായത്. അതോടെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായി.തലശ്ശേരി ഏരിയയിലെ മറ്റ് വിദ്യാലയങ്ങളിൽ സംഘടന കെട്ടിപ്പടുക്കാനും സമര സംഘടനയാക്കി വളർത്താനുമുള്ള ചുമതലയിലായിരുന്നു കോടിയേരി. സൈക്കിൾ വശമില്ലാതിരുന്ന കോടിയേരി സുഹൃത്തിന്റെ സൈക്കിളിന്റെ പിറകിൽ കയറിയാണ് പോകാറ്.

ചൊവ്വ ഹൈസ്‌കൂളിൽ ഒരു വിദ്യാർത്ഥിയെ പുറത്താക്കിയ പ്രശ്നത്തിൽ കോടിയേരി നടത്തിയ നിരാഹാര സമരത്തോടെയാണ് നേതൃപാടവം ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. ക്ലാസ്സിൽ വന്നില്ലെങ്കിലും, പിന്നീട് പാഠഭാഗങ്ങൾ ഹൃദിസ്ഥമാക്കുന്ന പ്രകൃതക്കാരനാണ്. വിദ്യാഭ്യാസ കാലത്തിന് ശേഷം ജോലി തേടി ദശകങ്ങളോളം മുംബെ, ഗൾഫ് എന്നിവിടങ്ങളിലായിരുന്നു. നാട്ടിലെത്തിയാൽ എവിടെ കണ്ടാലും പഴയ നിഷ്‌ക്കളങ്കമായ പുഞ്ചിരിയുമായി തോളിൽ കൈയ്യിട്ട് പരിചയക്കാരോട് കുടുംബ വിശേഷങ്ങൾ തിരക്കുമായിരുന്നു.

പുഞ്ചിരി നിറച്ച്, തോളിൽ കൈയിട്ട്
കോടിയേരിയുടെ മുഖത്ത് പുഞ്ചിരിയും മായാതെ നിന്നിരുന്നുവെന്ന് ഓണിയൻ സ്കൂളിൽ ലീഡറായിരുന്ന സുധീഷ്ണൻ പറഞ്ഞു. വിപ്ലവകാരിയായപ്പോഴും ശാന്ത സ്വഭാവക്കാരനായിരുന്നു അദ്ദേഹം. സൗഹൃദങ്ങൾക്ക് വലിയ മൂല്യം കൽപ്പിച്ചിരുന്ന കമ്യൂണിസ്റ്റായിരുന്നു കോടിയേരി.മരണം വരെ അത് കാത്തുസൂക്ഷിക്കാനും അദ്ദേഹം ശ്രദ്ധിച്ചു.

മാഹി എം.ജി.കോളേജിൽ ആദ്യ യൂണിയൻ ചെയർമാൻ
1960 കളുടെ അവസാനത്തിൽ മാഹി മഹാത്മാഗാന്ധി ഗവ: ആർട്സ് കോളജിലെ ആദ്യ ബാച്ചുകാരനായി ചേർന്നതാണ് കോടിയേരി. കോളജ് യൂണിയന്റെ ആദ്യ ചെയർമാനെന്ന നിലയിലും ശ്രദ്ധേയനായി. കോടിയേരിയെന്ന കമ്യൂണിസ്റ്റ് ഗ്രാമത്തിന്റെ ചൂരും ചുണയും സംഘശക്തിയും പ്രകടമാക്കുന്ന വിദ്യാർത്ഥി യുവജന മുന്നേറ്റമൊരുക്കാൻ ഈ ചെറുപ്പക്കാരന് സാധിച്ചു.
ചെറിയ കുട്ടികൾ തൊട്ട് പ്രായം ചെന്നവരോട് പോലും ഒരു പോലെ ഹൃദ്യമായി പെരുമാറാൻ കോടിയേരിക്ക് അന്നുതൊട്ട് കഴിഞ്ഞിരുന്നുവെന്ന് വിദ്യാർത്ഥി പ്രസ്ഥാനത്തിൽ എതിർചേരിയിലായിരുന്ന അന്നത്തെ കെ.എസ്.യു.നേതാവ് ടി.പി.സദാനന്ദൻ പറഞ്ഞു.

നാല് ദശകങ്ങൾക്ക് ശേഷം കോടിയേരി താൻ പഠിച്ച മാഹി ഗവ: കോളജിലെ ഒരു പരിപാടിയിലെത്തുമ്പോൾ, കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്നു.പുതുച്ചേരി ആഭ്യന്തര മന്ത്രിയായ മയ്യഴിക്കാരനായ ഇ.വത്സരാജും, കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനും ഇതേ ചടങ്ങിൽ സംബന്ധിച്ചിരുന്നു. എട്ട് കിലോമീറ്ററുകൾക്കുള്ളിൽ താമസിക്കുന്ന മൂന്ന് ആഭ്യന്തര മന്ത്രിമാരുടെ സംഗമം അന്ന് വലിയ വാർത്തയായിരുന്നു. കോളജ് പഠനകാലത്ത് ഭക്ഷണം കഴിക്കാർ പോലുമാവാത്ത വിധം കഷ്ടപ്പാടിലായിരുന്ന തനിക്ക് സംഘടനാ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്തിരുന്നത് കമ്യൂണിസ്റ്റ് നേതാവും വ്യാപാരിയുമായിരുന്ന സോപ്പ് അച്ചുവേട്ടനും, പലപ്പോഴും ഭക്ഷണം നൽകിയത് മാഹി ഹോട്ടൽ ഉടമയും പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കുനിയിൽ കൃഷ്‌ണേട്ടനുമായിരുന്നുവെന്ന് കോടിയേരി വികാരഭരിതനായി പറഞ്ഞിരുന്നു.

മനുഷ്യസ്‌നേഹത്തിന്റെ ഊഷ്മളതയാണ് കോടിയേരിയെന്ന് പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും ,പ്രവാസി വ്യവസായിയുമായ മയ്യഴിക്കാരൻ ഡോ: കാസിനോ പി.മുസ്തഫ ഹാജി പറയുന്നു.രാഷ്ട്രീയത്തിനുമപ്പുറമുള്ള ആത്മ സൗഹൃദം അദ്ദേഹവുമായി ഇക്കാലമത്രയും പുലർത്തി പോരാനായെന്നും പുതുച്ചേരി സംസ്ഥാന കോൺഗ്രസ്സ് ഉപാദ്ധ്യക്ഷനുംമുൻ ആഭ്യന്തര മന്ത്രിയുമായ ഇ.വത്സരാജ് പറഞ്ഞു.