കണ്ണൂർ: സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുൻ മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ വനം വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അനുശോചനം രേഖപ്പെടുത്തി. വിദ്യാർത്ഥി പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കാലഘട്ടം മുതൽ അടുത്തു പരിചയമുള്ള സഹോദര തുല്യനായ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. നിയമസഭയിലും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനായിട്ടുണ്ട്. കരുത്തുറ്റ കമ്മ്യൂണിസ്റ്റ് നേതാവ്, സംഘാടകൻ, എല്ലാറ്റിലുമപരി മികച്ചൊരു ഭരണാധികാരിയുമായിരുന്നു അദ്ദേഹം. പാർട്ടിക്കായി സമർപ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഏറെ ജനകീയനായ നേതാവിനെയാണ് രാഷ്ട്രീയ കേരളത്തിന് നഷ്ടമായിരിക്കുന്നതെന്നും മന്ത്രി അനുശോചിച്ചു.
പൊതുമണ്ഡലത്തിൽ നിറഞ്ഞ വ്യക്തിത്വം: മേയർ ടി.ഒ മോഹനൻ
രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു അന്തരിച്ച കൊടിയേരി ബാലകൃഷ്ണനെന്ന് കോർപറേഷൻ മേയർ ടി.ഒ മോഹനൻ പറഞ്ഞു. മികച്ച പാർലമെന്റേറിയനും ദീർഘകാലം രാഷ്ട്രീയ പൊതു മണ്ഡലത്തിൽ നിറഞ്ഞു നിന്ന വ്യക്തിയുമാണ്. രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധം കാത്ത് സൂക്ഷിച്ച വ്യക്തി കൂടിയായിരുന്നു കോടിയേരിയെന്നും മേയർ അനുസ്മരിച്ചു.
രാഷ്ട്രീയത്തിലെ സൗമ്യമുഖം: സി.പി.സന്തോഷ് കുമാർ
കണ്ണൂർ: സി പി എം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ സി.പി.ഐ ജില്ലാ കൗൺസിൽ അനുശോചിച്ചു.സംസ്ഥാന രാഷ്ട്രീയത്തിലെ സൗമ്യ മുഖമായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ പറഞ്ഞു.സ്വന്തം രാഷ്ട്രീയാഭിപ്രായങ്ങളിൽ ഉറച്ചു നിൽക്കുമ്പോഴും വിമർശനങ്ങളെ പുഞ്ചിരിയോടെ നേരിടുകയും വിയോജിപ്പുകൾ ശക്തമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ ശൈലി മാതൃകാപരമാണെന്നും സന്തോഷ് കുമാർ ചൂണ്ടിക്കാട്ടി.
ബി.ജെ.പി അനുശോചിച്ചു
കണ്ണൂർ: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ ബിജെപി ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസൻ അനുശോചിച്ചു. സിപിഎമ്മിന്റെ സൗമ്യ മുഖമായിരുന്നു കോടിയേരി. പാർട്ടിയിൽ ഏതൊരു ഉന്നതസ്ഥാനം വഹിക്കുമ്പോഴും, ഭരണരംഗത്തും ഉന്നത സ്ഥാനങ്ങളിലിരിക്കുമ്പോഴും സാധാരണക്കാരോടും എതിർ രാഷ്ട്രീയ പ്രത്യയശാസ്ത്രം ഉൾക്കൊള്ളുന്നവരോടും സൗമ്യമായി ചിരിച്ചുകൊണ്ട് ഇടപെടുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു കോടിയേരി. കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനങ്ങൾ ലഘൂകരിക്കുന്നതിനുവേണ്ടി വലിയ രീതിയിലുള്ള ഇടപെടലുകൾ നടത്തുകയും ഇത് അവസാനിപ്പിക്കുന്നതിനായി തീവ്ര പരിശ്രമങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു
പൊതുരംഗത്ത് ശൂന്യത :വത്സൻ തില്ലങ്കേരി
കണ്ണൂർ: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണം കേരളത്തിന്റെ പൊതുരംഗത്ത് വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരി അനുസ്മരിച്ചു.
സൗഹൃദവും സൗമ്യതയും സൂക്ഷിച്ച നേതാവ്: അബ്ദുൾകരിം ചേലേരി
കണ്ണൂർ:രാഷ്ട്രീയപരമായി വ്യത്യസ്ത നിലപാടുകൾ വെച്ചുപുലർത്തുമ്പോഴും വ്യക്തി ബന്ധങ്ങളിൽ എല്ലാവരുമായിസൗഹൃദവും സൗമ്യതയും പുലർത്തിയ ഒരു നേതാവായിരുന്നു അന്തരിച്ച കോടിയേരി ബാലകൃഷ്ണനെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി അനുശോചന സന്ദേശത്തിൽ പറഞ്ഞു.