moosa

മാഹി:തന്റെ രാഷ്ട്രീയ ജീവിതത്തിന് വഴിത്തിരിവായ മാഹി എം ജി.കോളജിലെ ആദ്യ ചെയർമാൻ തിരഞ്ഞെടുപ്പിലെ വിജയം തൊട്ടിന്നു വരെ മയ്യഴിയിലെ എല്ലാ തിരഞ്ഞെടുപ്പുകളിലും കോടിയേരി നേരിട്ട് ഇടപെട്ടിട്ടുണ്ട്.മയ്യഴിയിൽ സംഘടനാ ശേഷിയിലും ജനസ്വാധീനതയിലും ഒന്നാം സ്ഥാനം സി.പി.എമ്മിനല്ലാതിരുന്നിട്ടും മൂന്ന് തവണ സി.പി.എമ്മിലെ കെ.വി.രാഘവന് ജയിച്ചു കയറാനുള്ള അടവുതന്ത്രമൊരുക്കിയതിന് പിന്നിൽ കോടിയേരിയുടെ ചാണക്യ തന്ത്രമായിരുന്നു.

ഇതിന് ശേഷം കാൽ നൂറ്റാണ്ടുകാലം അകന്നുനിന്ന മാഹി അസംബ്ളി സീറ്റ് തിരിച്ചുപിടിക്കാനായത് 2016ൽ ഇടത് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തിയതോടെയായിരുന്നു. അമേരിക്കയിൽ ചികിത്സക്ക് പോയി തിരിച്ചു വന്ന കോടിയേരി ചാലക്കരയിൽ നടന്ന പൊതുയോഗത്തിൽ വച്ചാണ് താൻ മാരകമായ കാൻസറിന്റെ പിടിയിലാണെന്ന് വെളിപ്പെടുത്തിയത്.നിറയെ നർമ്മത്തിൽ കലർന്ന പ്രസംഗത്തിനൊടുവിൽ പുഞ്ചിരിയോടെ തന്നെയാണ് കോടിയേരി തന്റെ രോഗാവസ്ഥയും തുറന്ന് പറഞ്ഞത്. കേട്ടുനിന്നവർ അക്ഷരാർത്ഥത്തിൽ നടുങ്ങുകയായിരുന്നു ആ വെളിപ്പെടുത്തലിന് മുന്നിൽ.