sumangali
ലഹരി വിപത്തിനെതിരെ പയ്യന്നൂർ സുമംഗലി തീയേറ്ററിന് മുൻപിൽ റോഡരികിൽ സ്ഥാപിച്ച ബോർഡ്

പയ്യന്നൂർ: മദ്യപാനത്തിന്റെ ദുരന്തഫലങ്ങൾ ജീവിതത്തിൽ ആവോളം അനുഭവത്തിന്റെ വെളിച്ചത്തിലാണ്, ഇനി ഒരാളും വഴിതെറ്റരുതെന്ന സദുദ്ദേശത്തോടെ തളിപ്പറമ്പിലെ മുരളി 'വെള്ളം' സിനിമ നിർമ്മിച്ചതും കാണികൾ

അതിനെ ഇരു കൈകളും നീട്ടി സ്വീകരിച്ചതും. എന്നാൽ സ്വജീവിത അനുഭവത്തിലില്ലാത്തതാണെങ്കിലും, മദ്യത്തിന്റെയും ലഹരി പദാർത്ഥങ്ങളുടെയും ദൂഷ്യഫലങ്ങൾ മനസ്സിലാക്കാതെ യുവ തലമുറ അതിന്റെ നീരാളി പിടുത്തത്തിൽ അമരുന്ന അത്യന്തം ദുഃഖകരമായ അവസ്ഥ അനുദിനം കണ്ട് കൊണ്ടിരിക്കുന്ന മറ്റൊരു സിനിമാക്കാരൻ എന്ന് വിശേഷിപ്പിക്കാവുന്ന, സിനിമ തിയേറ്റർ ഉടമ തന്റെ തീയേറ്ററിന് മുൻപിൽ റോഡരികിൽ, തീയേറ്ററിന്റെ പേരിനേക്കാൾ മുൻതൂക്കം നൽകി വലുപ്പത്തിൽ 'മദ്യപാനവും ലഹരി ഉപയോഗവും സ്വയം നാശത്തിന് കാരണമാകും' എന്നൊരു ബോർഡ് വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചിരുന്നു.

ഇന്നലെ ഗാന്ധി ജയന്തി ദിനത്തിൽ രാജ്യമൊട്ടാകെ ലഹരി വിപത്തിനെതിരെ നടക്കുന്ന പ്രവർത്തനങ്ങളോടൊപ്പം,

തന്നെ കൊണ്ട് ചെയ്യാവുന്നത് എന്ന നിലയിൽ ബോധവൽക്കരണവുമായി സിനിമാ പോസ്റ്റർ പതിക്കുന്നതിനോടൊപ്പം, ലഹരി വിരുദ്ധ പോസ്റ്ററുകൾ കൂടി പതിച്ചാണ് സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധത അദ്ദേഹം പ്രകടിപ്പിച്ചിട്ടുള്ളത്. പയ്യന്നൂരിലെ രാജധാനി, സുമംഗലി, ചെറുപുഴയിലെ എ.കെ. തീയേറ്റർ എന്നീ സിനിമാ തീയേറ്ററുകളുടെ ഉടമ അന്നൂർ സ്വദേശി കെ.പി. ഗണേശനാണ്, മദ്യ - മയക്ക് മരുന്ന് വിപത്തിനെതിരെ ഒറ്റയാൾ പോരാട്ട പ്രചാരണവുമായി രംഗത്തുള്ളത്.

1000 ത്തോളം പോസ്റ്ററുകളാണ് സ്വന്തം ചെലവിൽ അച്ചടിപ്പിച്ച് സിനിമ പോസ്റ്ററിനോടൊപ്പം പതിച്ചിട്ടുള്ളത്. സുമംഗലി തീയേറ്ററിന് മുൻപിൽ സ്ഥാപിച്ച ബോർഡ് കണ്ട് പല പ്രമുഖരും അഭിനന്ദിച്ചതിനോടൊപ്പം എക്സൈസ് - നാർക്കോട്ടിക്ക്, പൊലീസ് അധികൃതരും ഇദ്ദേഹത്തെ നേരിൽ കണ്ടും ഫോണിൽ ബന്ധപ്പെട്ടും അഭിനന്ദിച്ചിരുന്നു.

ഗാന്ധിയൻ ആശയങ്ങളിൽ വിശ്വസിക്കുന്ന ഇദ്ദേഹം, തന്നെ കൊണ്ട് കഴിയുന്ന വിധം ലഹരിക്കെതിരെയുള്ള പോരാട്ടം ഇനിയും തുടരുമെന്ന തീരുമാനത്തിലാണ്.