fees
ഫീസ്

കണ്ണൂർ: ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടിയെടുക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. അമിത നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ ഓരോ ജില്ലകളിലും രൂപീകരിച്ചിട്ടുള്ള ജില്ലാ രജിസ്​റ്ററിംഗ് അതോറി​റ്റികൾക്ക് കൈമാറാനാണ് തീരുമാനം. ക്ലിനിക്കൽ എസ്​റ്റാബ്ലിഷ്‌മെന്റ് ആക്ട് 2018 പ്രകാരം രജിസ്​റ്ററിംഗ് അതോറി​റ്റി പരാതികൾ അന്വേഷിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ആശുപത്രികളോട് റിപ്പോർട്ട് തേടി അടിയന്തര നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

നിലവിൽ നിസ്സാര പനിയും ജലദോഷവുമടക്കമുള്ള രോഗങ്ങളുമായി എത്തുന്നവർക്ക് പോലും സ്വകാര്യ ആശുപത്രികളിൽ കഴുത്തറപ്പൻ ബില്ലാണ് അടക്കേണ്ടി വരുന്നതെന്ന പരാതിയാണുള്ളത്. മരുന്നുൾപ്പെടെ ആയിരം രൂപയ്ക്കടുത്ത് ചെലവ് വരും. ഗവ. ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതും കാത്തിരിക്കേണ്ടി വരുന്നതുമെല്ലാമാണ് സ്വകാര്യ ആശുപത്രികൾക്ക് ഗുണകരമാകുന്നത്. സ്വകാര്യ ആശുപത്രിയിലെ വിവിധ സേവനങ്ങൾക്ക് ഈടാക്കുന്ന നിരക്ക് നിയന്ത്റിക്കാനും ഏകീകരിക്കാനും വേണ്ട നടപടി സ്വീകരിക്കുമെന്ന് നേരത്തെ ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും നടപടികൾ എങ്ങുമെത്തിയിരുന്നില്ല.

കാണിക്കില്ലാ ഫീസ് നിരക്ക്

കേരള ക്ലിനിക്കൽ എസ്​റ്റാബ്ലിഷ്‌മെന്റ് ആക്ട് 2018 പ്രകാരം 2019 മുതൽ കേരളത്തിലെ സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ള എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളുടെയും ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഈ ആക്ട് പ്രകാരം ലാബുകളുടെയും ആശുപത്രികളുടെയും രജിസ്‌ട്രേഷന് അതാതു ക്ലിനിക്കൽ സ്ഥാപനങ്ങളിൽ നിന്ന് നൽകി വരുന്ന സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസ് നിരക്ക് പ്രദർശിപ്പിക്കണം. സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ സ്ഥാപനത്തിൽ ശ്രദ്ധിക്കപെടുന്ന സ്ഥലത്ത് വെബ്സൈറ്റിലും നിരക്ക് പ്രദർശിപ്പിക്കണം. എന്നാൽ സ്വകാര്യ ആശുപത്രികളിലൊന്നും ഇത്തരത്തിൽ നിരക്ക് സംബന്ധിച്ച ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. ഇതിനെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ പറഞ്ഞു.

നിബന്ധനകളുണ്ട്

ഫീസ് നിരക്ക് ശ്രദ്ധിക്കപ്പെടുന്ന സ്ഥലത്ത് ഇംഗ്ലീഷിലും മലയാളത്തിലും പ്രദർശിപ്പിക്കണം

സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ് സൈ​റ്റിലും നിരക്ക് പ്രസിദ്ധീകരിക്കണം

ലാബുകൾ,​ ക്ളിനിക്കുകൾ എന്നിവയിലും ഫീസ് നിരക്ക് പ്രദർശിപ്പിക്കണം