yusaf-ali

കണ്ണൂർ: കേരളത്തിൽ ലുലുമാൾ തുടങ്ങാൻ പ്രചോദനം നൽകിയത് കോടിയേരി ബാലകൃഷ്ണനാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. തലശ്ശേരിയിൽ കോടിയേരിയുടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോടിയേരി കേരള വികസനം കണ്ട നേതാവാണ്. വർഷങ്ങളായി സ്‌നേഹബന്ധവും സാഹോദര്യബന്ധവും പുലർത്തിയ ആളാണ്. 15 കൊല്ലം മുൻപ് കോടിയേരി ദുബായിൽ ലുലു ഷോപ്പിംഗ് മാളിൽ വരികയുണ്ടായി. ഹൈപ്പർ മാർക്കറ്റ് സന്ദർശിച്ച അദ്ദേഹം ഇതുപോലെ ഒരെണ്ണം കേരളത്തിൽ തുടങ്ങി കൂടെ എന്ന് ചോദിച്ചു. അതിൽ പ്രചോദനം ഉൾക്കൊണ്ടാണ് കൊച്ചിയിൽ മാൾ തുടങ്ങിയതെന്നും യൂസഫലി പറഞ്ഞു. മുഖ്യമന്ത്രിയോടും മറ്റ് മന്ത്രിമാരോടും തന്റെ അനുശോചനം അറിയിച്ച ശേഷമാണ് അദ്ദേഹം അബുദാബിക്ക് മടങ്ങിയത്.