കണ്ണൂർ: ചാല കോയ്യോട് റോഡിനരികെ നിയന്ത്രണംവിട്ട പാൽ ലോറി പത്തോളം കടകളുടെ മുൻവശം ഇടിച്ചു തകർത്തു. നാല് വൈദ്യുതി തൂണുകളും ഇടിച്ചു നിരത്തി. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. കോഴിക്കോട് നിന്ന് പാലുമായി വന്ന ലോറി പനോന്നേരിയിൽ പാൽ വിതരണം ചെയ്ത് മടങ്ങവെയാണ് നിയന്ത്രണം വിട്ടത്.
കണ്ണൂർ -കൂത്തുപറമ്പ് റോഡിലെ ചാല ടൗണിലെ കോയ്യോട് റോഡിന് സമീപമാണ് അപകടമുണ്ടായത്. ഫാൻസി, ബേക്കറി, മിൽമാ ബൂത്തുകൾ ഉൾപ്പെടെയാണ് തകർന്നത്. വൈദ്യുതി പോസ്റ്റ് തകർന്ന ഉടൻ പരിസരവാസികൾ ലൈൻമാനെ വിവരം അറിയിച്ചതിനെ തുടർന്ന് വൈദ്യുതി ഓഫാക്കി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പറയുന്നത്. വൻ ശബ്ദം കേട്ടാണ് ഉണർന്നതെന്ന് സമീപവാസികൾ പറഞ്ഞു.
എം.കെ ബേക്കറി, സുഷമ വസ്ത്രാലത്തിന്റെ പഴയ ഷോറൂം, സിനി ഹാർഡ് വേർസ്, തലശ്ശേരി റസ്റ്റോറന്റ്, ഫാൻസി ഷോപ്പ്, മിൽമ ഷോപ്പ്, റെഡിമെയ്ഡ് ഷോപ്പ് തുടങ്ങിയ കടകൾക്കാണ് നാശനഷ്ടമുണ്ടായത്. എടക്കാട് പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. അപകടം പുലർച്ചെയായതിനാൽ ആളപായമുണ്ടായില്ല.