മാഹി: 'തെളിനീരൊഴുകും മയ്യഴിപ്പുഴ' എന്ന സന്ദേശവുമായി കേരള നദീസംരക്ഷണ സമിതിയുടെയും മയ്യഴിപ്പുഴ സംരക്ഷണസമിതിയുടെയും സംയുക്ത നേതൃത്വത്തിൽ മയ്യഴിയിൽ നടന്ന നദീ ദ്വൈവാരാചരണത്തിന്റെ ഉദ്ഘാടനകർമ്മം പരിസ്ഥിതി പ്രവർത്തക മേധാപട്ക്കർ നിർവ്വഹിച്ചു. ഭാരതത്തിലെ പ്രശസ്ത സാമൂഹ്യപ്രവർത്തകയും പരിസ്ഥിതി വിനാശത്തിനെതിരെ രൂപംകൊണ്ട സർക്കാരിതര സന്നദ്ധ സംഘടനയായ നർമ്മദ ബചാവോ സ്ഥാപകനേതാവും പുരോഗമനവാദികളുടെ നാഷണൽ അലയൻസ് ഓഫ് പ്യൂപ്പിൾ മൂവ്‌മെന്റ് സംഘടനയുടെ ദേശീയ കൺവീനറുമാണ് മേധാ പട്ക്കർ.
എന്റെ പുഴ, ഞാൻ കാണുന്ന പുഴ, സ്വപ്നത്തിലെ പുഴ എന്നീ ആശയങ്ങളിലൂന്നി മയ്യഴി പുഴയുടെ തീരങ്ങളിൽ നടത്തിയ ചിത്രരചനാ മത്സരത്തിലും നിരവധി പേർ പങ്കാളികളായി. നദീ ദ്വൈവാരാചരണത്തിന്റെ ഭാഗമായി നടന്ന ചിത്രരചനാമത്സരം ചിത്രകാരൻ വത്സൻ കൂർമ്മകൊല്ലേരി ഉദ്ഘാടനം ചെയ്തു. ചിത്രരചനാമത്സരത്തിലെ വിജയികൾക്ക് മേധാപട്ക്കർ സമ്മാനദാനം നിർവ്വഹിച്ചു.
മയ്യഴിയിലെത്തിയ മേധാപട്ക്കറെ ഒരു നോക്കുകാണാൻ മയ്യഴി സ്റ്റേഷൻ റോഡിൽ ദർശനയിലെ പാർവ്വണാ ദിൽജിത്ത് എന്ന കൊച്ചുപെൺകുട്ടിയുമെത്തി. നിരവധി ആരാധകരുടെ ഇടയിൽനിന്നും ഈ കുഞ്ഞുമനസ്സിന്റെ എളിയ സ്‌നേഹാദരം ഏറ്റുവാങ്ങി വാത്സല്യത്തോടെ ആശ്ലേഷിച്ചുനിർത്താനും തിരക്കിനിടയിലും മേധാപട്ക്കറുടെ അമ്മമനസ്സ് സമയം കണ്ടെത്തി.