കൂത്തുപറമ്പ്: താലൂക്ക് ആശുപത്രി ക്വാട്ടേഴ്സിന് മുകളിലേക്ക് വൻമരം കടപ്പുഴകി വീണു. ഡോക്ടർമാർ താമസിക്കുന്ന ക്വാട്ടേഴ്സിന്റെ മുകളിലേക്കാണ് മരം കടപുഴകി വീണത്. മരം വീണ് ക്വാർട്ടേഴ്സിന്റെ മേൽക്കൂരയിലെയും പുറകുവശത്തെയും ഷീറ്റിനും മറ്റും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വലിയ ശബ്ദംകേട്ട് അവിടെ ഉണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെ പുറത്തേക്ക് ഓടിയത് കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. പിന്നീട് മുൻസിപ്പാലിറ്റി അധികൃതർ സ്ഥലത്തെത്തി മരത്തിന്റെ ചില്ലകളും മറ്റും മുറിച്ചു മാറ്റി. ഇനിയും അപകടഭീഷണി നിലനിൽക്കുന്ന ഏതാനും മരങ്ങൾ കൂടി ക്വാർട്ടേഴ്സിന് സമീപത്തുണ്ട്. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ച് മാറ്റാനുള്ള നടപടികൾ ഉടൻ ഉണ്ടാവണമെന്ന് താമസക്കാർ പറഞ്ഞു.