പയ്യന്നൂർ: സ്വാമി ആനന്ദ തീർത്ഥൻ സ്ഥാപിച്ചതും മഹാത്മാഗാന്ധിയുടെ ചിതാഭസ്മം സൂക്ഷിച്ചിട്ടുള്ളതുമായ ചരിത്ര പ്രസിദ്ധമായ ശ്രീനാരായണ വിദ്യാലയത്തിലെ ഗാന്ധി മാവിന് ചുറ്റുമുള്ള മതിൽ, ചരിത്ര ചിത്ര രചനയിലൂടെ ആകർഷകമാക്കുന്നു. കേരള ചിത്രകലാ പരിഷത്തിന്റെയും സ്വാമി ആനന്ദ തീർത്ഥ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ 8, 9 തീയതികളിൽ കലാകാര സംഗമം കൂടിയായി നടക്കുന്ന - 'ചിത്രാങ്കണം'- ചിത്രകലാ ക്യാമ്പ് 8 ന് രാവിലെ 10ന് ടി.ഐ. മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കെ.കെ.ആർ. വെങ്ങര അദ്ധ്യക്ഷത വഹിക്കും. കേരള ലളിതകലാ അക്കാഡമി വൈസ് ചെയർമാൻ എബി എൻ. ജോസഫ് മുഖ്യാതിഥിയായിരിക്കും.

ശ്രീനാരായണ ഗുരുദേവ ശിഷ്യനും നവോത്ഥാന നായകനുമായ സ്വാമി ആനന്ദ തീർത്ഥന്റെ സംഭവ ബഹുലമായ ജീവിത ചരിത്രവഴികൾ ആലേഖനം ചെയ്ത ചിത്രങ്ങളാണ് ഇരുപതോളം പാനലുകളിലായി തൽസമയം ചിത്രീകരിക്കുന്നത്. ചരിത്രാന്വേഷകരായി എത്തുന്നവർക്ക് ചരിത്രരേഖകൾ ചിത്രങ്ങളിലൂടെ വ്യക്തമാകുന്ന തരത്തിൽ കേരളത്തിലെ പ്രമുഖരായ ഇരുപതിലേറെ കലാകാരൻമാരാണ് തൽസമയ ചിത്രരചനയിലേർപ്പെടുന്നത്. ചിത്രകലാ പരിഷത്ത് കൂട്ടായ്മയിലെ കലാകാരൻമാൻ, വിദ്യാലയത്തിന്റെ പുറം ചുമരുകൾ നേരത്തെ ചിത്രങ്ങൾ വരച്ച് ആകർഷകമാക്കിയിരുന്നു. വാർത്താ സമ്മേളനത്തിൽ ക്യാമ്പ് ഡയറക്ടർ വിനോദ് പയ്യന്നൂർ, രാമകൃഷ്ണൻ കണ്ണോം, കെ.പി. ശ്രീധരൻ, പ്രമോദ് അടുത്തില, തങ്കരാജ് കൊഴുമ്മൽ, എൻ. രാഘവൻ, എ.കെ.പി. നാരായണൻ സംബന്ധിച്ചു.