കണ്ണൂർ: ക്ഷേത്രങ്ങളിലും വിവിധ സംഘടനകളുടേയും നേതൃത്വത്തിൽ നടന്നുവന്ന നവരാത്രി ആഘോഷങ്ങൾ സമാപിച്ചു. വിജയദശമി ദിനമായ ഇന്നലെ ആയിരക്കണക്കിന് പിഞ്ചോമനകൾ അറിവിന്റെ ആദ്യക്ഷരം കുറിച്ചു. പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രം, മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രം, മാടായിക്കാവ്, വളപട്ടണം കളരിവാതുക്കൽ ക്ഷേത്രം, കൂത്തുപറമ്പ് കൈതേരി ക്ഷേത്രം, പെരുമണ്ണ് ചുഴലി ഭഗവതി ക്ഷേത്രം തുടങ്ങി വിവിധ ക്ഷേത്രങ്ങളിൽ എഴുത്തിനിരുത്തൽ ചടങ്ങുകളും പ്രത്യേക പൂജകളും നടന്നു. മാമാനിക്കുന്ന് ദേവീക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തി ചന്ദ്രൻമൂസത് വിദ്യാരംഭ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
കണ്ണൂർ മാതാ അമൃതാനന്ദമയി മഠത്തിൽ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരിയുടെ കാർമ്മികത്വത്തിൽ നവരാത്രി ആഘോഷിച്ചു. കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ശിവക്ഷേത്രത്തിൽ പെരിഗമന സത്യനാരായണൻ നമ്പൂതിരി ആദ്യക്ഷരം പകർന്നു കൊടുത്തു.
തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ വിദ്യാരംഭത്തിന് ക്ഷേത്രം മേൽശാന്തി ഇ.ജി.രാജൻ നേതൃത്വം നൽകി. നൂറിൽ അധികം കുട്ടികൾ അറിവിന്റെ ആദ്യക്ഷരം കുറിച്ചു. വാഹന പൂജയ്ക്കും ആയുധ പൂജയ്ക്കും ഗ്രന്ഥമെടുപ്പിനുമെല്ലാമായി നിരവധി പേരാണ് ക്ഷേത്രത്തിലെത്തിയത്. തെക്കീബസാറിലെ കാഞ്ചി ശ്രീ കാമാക്ഷി അമ്മൻ കോവിലിലും കിഴുത്തള്ളി യാദവതെരു ശ്രീ മുത്തുമാരി അമ്മൻ കോവിലിലും കണ്ണൂർ മുനീശ്വരൻ കോവിലിലുമെല്ലാം വിവിധ പൂജകളോടും പരിപാടികളോടും കൂടി വിപുലമായി വിജയദശമി ആഘോഷിച്ചു. പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിൽ 1200 കുട്ടികൾ ഇക്കുറി ആദ്യക്ഷരം കുറിച്ചു.
കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ താവക്കരയിലുള്ള വേദ ഗുരുകുലത്തിൽ സരസ്വതീയജ്ഞം നടന്നു. അഗ്നിഹോത്ര മന്ത്രങ്ങൾ, ഗണപതി സൂക്തം, സരസ്വതി സൂക്തം, മേധാസൂക്തം, ഗായത്രി എന്നിങ്ങനെയുള്ള വേദമന്ത്രങ്ങൾ ഉരുക്കഴിച്ചു കൊണ്ട് ആണ് യജ്ഞം നടന്നത്. ഗ്രന്ഥമെടുക്കൽ, വിദ്യാരംഭം എന്നീ ചടങ്ങുകളും ഉണ്ടായിരുന്നു. സീതാലക്ഷ്മി അവതരിപ്പിച്ച സംഗീതാർച്ചനയും പ്രസാദവിതരണവും നടന്നു. ഏച്ചൂർ വട്ടപ്പൊയിലുള്ള വേദ ഗുരുകുലത്തിലും സരസ്വതീയജ്ഞവും വിജയദശമി ആഘോഷവും നടന്നു. സംഗീതാരാധന, കലാപരിപാടികൾ, പ്രസാദ വിതരണം എന്നിവയും ഉണ്ടായിരുന്നു. ആനന്ദവല്ലി നേതൃത്വം നൽകി.
കണ്ണൂർ വിശ്വസംസ്കൃത പ്രതിഷ്ഠാനം താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ യോഗശാലാ ഹാളിൽ വച്ച് ഭാരതീപൂജാ ആചരിച്ചു. മുഖ്യാതിഥിയായ സംസ്കൃതഭാരതി രാജ്യശിക്ഷണ പ്രമുഖ് ദീപക് രാജ് സംസ്കൃത സന്ദേശം നൽകി. ജില്ലാ അദ്ധ്യക്ഷൻ കെ. ശ്രീശൻ അദ്ധ്യക്ഷത വഹിച്ചു. വി. മീറ സ്വാഗതം പറഞ്ഞു.
കൂത്തുപറമ്പ്: പുറക്കളം തിരുവഞ്ചേരിക്കാവിൽ മേൽശാന്തി വി.ഐ. ഈശ്വരൻ മൂസാദ്, വി.ഐ സോമൻ മൂസാദ് എന്നിവരുടെ നേതൃത്വത്തിലാണ് എഴുത്തിനിരുത്തൽ നടന്നത്. കൈതേരി നീലക്കരിങ്കാളി പോർക്കലി ഭഗവതി ക്ഷേത്രത്തിൽ മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഡോ. ആനന്ത കൃഷ്ണൻ നമ്പൂതിരി, എ. ശ്രീജിത്ത് എന്നിവരുടെ കാർമ്മികത്വത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു. മേൽശാന്തി കുഞ്ഞോളത്തില്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി, ആനന്ദ കൃഷ്ണൻ നമ്പൂതിരി, പള്ളിയില്ലം ശ്രീജിത് നമ്പൂതിരി എനിവർ നേതൃത്വം നൽകി.
കൂത്തുപറമ്പ് കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രത്തിലും എഴുത്തിനിരുത്തൽ ചടങ്ങ് നടന്നു. മോഴിയോട് മണി നമ്പൂതിരി കാർമ്മികത്വം വഹിച്ചു. മലയാള കലാനിലയത്തിൽ നിരവധി കുട്ടികൾ ഹരിശ്രീ കുറിക്കാൻ എത്തി. പുറക്കളം തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും എഴുത്തിനിരുത്തൽ നടന്നു.
ചെറുപുഴ: ചെറുപുഴ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ വാഹനപൂജക്ക് പുതിയിടത്തില്ലത്ത് ഹരി നമ്പൂതിരിയും, വിദ്യാരംഭത്തിന് പെരിങ്ങോട്ടില്ലത്ത് നാരായണൻ നമ്പൂതിരിയും നേതൃത്വം നല്കി.
മട്ടന്നൂർ: നഗരസഭയും മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ. യു.പി സ്കൂൾ പി.ടി.എയും ചേർന്ന് വിദ്യാരംഭം സംഘടിപ്പിച്ചു. ജെമിനി ശങ്കരൻ ഉദ്ഘാടനം ചെയ്തു. എല്ലാ മതവിഭാഗത്തിൽപ്പെട്ടവർക്കും എഴുത്തിനിരുത്താനുളള അവസരമാണ് മട്ടന്നൂർ ഗവ. യു.പി സ്കൂളിൽ ഒരുക്കിയത്. പ്രൊഫ. മുഹമ്മദ് അഹമ്മദ്, ഡോ. മാർട്ടിൻ ജോസഫ്, കെ.ടി.ചന്ദ്രൻ, കെ.ഭാസ്ക്കരൻ, പി.കെ.ഗോവിന്ദൻ, ഡോ.ജി. കുമാരൻ നായർ എന്നിവരാണ് കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു നൽകിയത്. നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ശൈലജ എം.എൽ.എ വിശിഷ്ടാതിഥിയായിരുന്നു.
പാനൂർ: കുറിച്ചീക്കര നെല്ലിയുള്ളതിൽ മൂപ്പന്റവിട ഭഗവതി ക്ഷേത്രത്തിൽ നവരാത്രി പൂജയും വിദ്യാരംഭം കുറിക്കലും നടന്നു. കെ.പി ശശീന്ദ്രൻ കുരുന്നുകളെ എഴുത്തിനിരുത്തി. പാട്യം ചക്രപാണി ക്ഷേത്രത്തിൽ പുല്ലഞ്ചേരി ലക്ഷ്മണൻ നമ്പൂതിരി കുട്ടികളെ എഴുത്തിനിരുത്തി. സാംസ്കാരിക സമ്മേളനവും നൃത്ത അരങ്ങേറ്റവും കലാപരിപാടികളും നടന്നു. പത്തായക്കുന്നു കൊങ്കച്ചി ഭദ്രകാളി ദേവസ്ഥാനത്ത് കവി പാട്യം വിശ്വനാഥ് കുരുന്നുകൾക്ക് വിദ്യാരംഭം കുറിച്ചു.
മൊകേരി പുത്തൻ പുര മടപ്പുരയിൽ കാവുങ്കര ഇല്ലത്ത് വിശ്വാമിത്രൻ നമ്പൂതിരി കുട്ടികളെ എഴുത്തിനിരുത്തി. പൊയിലൂർ ശ്രീ നാരായണമഠത്തിൽ നവരാത്രി പൂജയും ഗുരുപൂജയും നടന്നു. ഗുരുധർമ്മ പ്രചാരണ സഭയുടെ നേതൃത്വത്തിൽ മോളി സെന്ററിൽ പൂജകൾ നടന്നു. തുടർന്നു നടന്ന ആദ്ധ്യാത്മിക സമ്മേളനം ഓട്ടാണി നാണു ഉദ്ഘാടനം ചെയ്തു. കെ.എം പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ ദിനേശൻ, ടി. നാണു, കെ. മനോജ്, മോളി ബാബു സംസാരിച്ചു. തുടർന്നു സംഗീതാർച്ചനയും നടന്നു.
തലശ്ശേരി: ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ സമാപിച്ചു. നൂറോളം കുട്ടികളാണ് ആദ്യക്ഷര മധുരം നുകരാനെത്തിയത്. വിജയദശമി നാളിൽ നടന്ന പൂജാദികർമ്മങ്ങളിൽ പങ്കെടുക്കാൻ നൂറു കണക്കിന് വിശ്വാസികളെത്തി. ശാന്തിമാരായ വിനു, സെൽവൻ, ശശി, ലജീഷ് എന്നിവർ വിദ്യാരംഭ ചടങ്ങിൽ കർമ്മികളായി. ക്ഷേത്രം പ്രസിഡന്റ് അഡ്വ: കെ.സത്യൻ, ഡയറക്ടർമാരായ രാഘവൻ പൊന്നമ്പത്ത്, രാജീവൻ മാടപ്പീടിക എന്നിവർ നേതൃത്വം നൽകി.
പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം സമാപിച്ചു. ഗുരു മണ്ഡപത്തിൽ ക്ഷേത്രം മേൽശാന്തി നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വിദ്യാരംഭം കുറിക്കൽ ചടങ്ങും നടന്നു. പ്രസിഡന്റ് ഒ.വി. സുഭാഷ്, സെക്രട്ടറി ഷാജി കൊള്ളുമ്മൽ, സി.വി. രാജൻ പെരിങ്ങാടി, പി. പ്രദീപൻ, പവിത്രൻ കുലോത്ത്, അനിൽബാബു, കെ. സത്യൻ, സി.എച്ച്. പ്രഭാകരൻ, പി.പി മഹേഷ്, ടി. രമേശൻ, വി.കെ അനീഷ്ബാബു, സുധീർ കേളോത്ത്, സുജിൽ ചേലോട്ട്, ഷിനോജ്, ശ്രീമണി, വൈ.എം.സജിത നേതൃത്വം നൽകി.
തലശ്ശേരി ഗുണ്ടർട്ട് പ്രതിമക്ക് മുന്നിൽ നടന്ന ആദ്യാക്ഷരം കുറിക്കൽ ചടങ്ങിൽ പ്രൊഫ: എ.പി.സുബൈർ കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരങ്ങൾ പകർന്നേക്കി.മാഹി ശ്രീ വേണുഗോപാലായ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് രഥഘോഷയാത്ര നടന്നു. ശാന്തി അജിത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ യദുകൃഷ്ണ , വിനയക ദത്ത് എന്നിവർ നിത്യപൂജ കർമ്മങ്ങൾ നിർവഹിച്ചു.
ഇരിട്ടി: വിജയദശമിയോടനുബന്ധിച്ച് മേഖലയിലെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം വിദ്യാരംഭവും ഗ്രന്ഥപൂജയും വാഹനപൂജയും നടന്നു. കൈരാതി കിരാത ക്ഷേത്രത്തിൽ ഗ്രന്ഥമെടുപ്പിനു ശേഷം നടന്ന എഴുത്തിനിരുത്തലിൽ ഇരുന്നൂറോളം കുരുന്നുകൾ വിദ്യാരംഭം കുറിച്ചു. പ്രൊഫ. ഡോ. കൂമുള്ളി ശിവരാമൻ, റിട്ട. അദ്ധ്യാപകരായ ആറളം ബാലകൃഷ്ണൻ, കുഞ്ഞികൃഷ്ണൻ പെരുമ്പറമ്പ്, സരസ്വതിആദ്യക്ഷരം കുറിച്ചുകൊടുത്തു.
കീഴൂർ മഹാദേവ ക്ഷേത്രം, മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലും നാൽപ്പതോളം കുരുന്നുകൾ ഹരിശ്രീ കുറിച്ചു. റിട്ട. അദ്ധ്യാപകരായ കെ.ഇ. നാരായണനും കെ.പി. കുഞ്ഞിനാരായണനും വിദ്യാരംഭത്തിന് നേതൃത്വം നൽകി. മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ പുലർച്ചെ മുതലേ നല്ല ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. കുരുന്നുകൾക്ക് അറിവിന്റെ ആദ്യക്ഷരം പകർന്നു നൽകി.
ഇരിട്ടി ശ്രീനാരായണഗുരു മന്ദിരത്തിൽ വിദ്യാരംഭവും വാഹനപൂജയും നടന്നു. റിട്ട. അദ്ധ്യാപകൻ എ.എൻ. സുകുമാരൻ ആദ്യക്ഷരം കുറിച്ച് കൊടുത്തു. സിനിൽ ശാന്തികൾ വാഹനപൂജക്ക് കാർമ്മികത്വം വഹിച്ചു. യൂണിയൻ സെക്രട്ടറി പി.എൻ. ബാബു, യൂണിയൻ പ്രസിഡന്റ് കെ.വി. അജി, വിജയൻ ചാത്തോത്ത്, സഹദേവൻ പനക്കൽ നേതൃത്വം നൽകി. പുന്നാട് നിവേദിത വിദ്യാലയത്തിൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ ശബരിമല മുൻ മേൽശാന്തി ഇ. ഈശ്വരൻ നമ്പൂതിരി ആദ്യക്ഷരം കുറിച്ചു നൽകി.