jail

കണ്ണൂർ: ലഹരി കടത്തും ഉപയോഗവും വ്യാപകമായതോടെ ഇടനിലക്കാരായ തടവുകാരെ നിരീക്ഷിക്കാൻ ഡ്രോണും,ദേഹപരിശോധനയ്ക്ക് ബോഡി സ്കാനറും അടക്കമുള്ള ഉപകരണങ്ങൾ ജയിലുകളിൽ സ്ഥാപിക്കുന്നു.കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വൻതോതിൽ ലഹരിവസ്തുക്കൾ പിടികൂടിയതിനെ തുടർന്ന് ജയിൽ ഡി.ജി.പി വിളിച്ചുചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.ആദ്യഘട്ടത്തിൽ കണ്ണൂർ,വിയ്യൂർ,പൂജപ്പുര സെൻട്രൽ ജയിലുകളിലായിരിക്കും ഇവ സ്ഥാപിക്കുക.മൊബൈൽ ജാമർ,അത്യാധുനിക സംവിധാനങ്ങളുള്ള സി.സി.ടി.വി എന്നിവയും സ്ഥാപിക്കും.

ഒരു വർഷത്തിനിടെ സംസ്ഥാനത്തെ ജയിലുകളിൽ നിന്ന് 300 മൊബൈൽ ഫോണുകളും,വൻതോതിൽ നിരോധിത വസ്തുക്കളും പിടികൂടിയിരുന്നു.കഴിഞ്ഞ വർഷം കണ്ണൂർ സെൻട്രൽ ജയിലിലെ മേശവലിപ്പിൽ നിന്ന് 9 ലക്ഷം രൂപ മോഷണം പോയതിനും ഇതുവരെ തുമ്പുണ്ടാക്കാനായിട്ടില്ല.മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട് ഇരുന്നൂറോളം തടവുകാർ കണ്ണൂർ സെൻട്രൽ ജയിലിലുണ്ട്.ഇവരുടെ അച്ചടക്ക ലംഘനം ജയിൽ ജീവനക്കാർക്കും ഭീഷണിയാണ്.പരോൾ കഴിഞ്ഞു വരുന്ന തടവുകാർക്ക് ദേഹപരിശോധന നടത്തുന്ന സംവിധാനമില്ലാത്തതും ജയിലുകളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു.

4 ജി ജാമർ

25 ലക്ഷം രൂപ മുടക്കി കണ്ണൂർ സെൻട്രൽ ജയിലിൽ 2010ൽ സ്ഥാപിച്ച മൊബൈൽ ജാമറുകൾ തടവുകാർ ഉപ്പിട്ട് കേടു വരുത്തിയിരുന്നു.ആദ്യഘട്ടത്തിൽ ജയിൽ പരിസരത്ത് റെയ്ഞ്ച് കിട്ടിയിരുന്നില്ല.എന്നാൽ നാല് മാസം മാത്രമായിരുന്നു ഇതിന് ആയുസ്സ്.ജാമർ നശിച്ചപ്പോൾ ഫോൺ വിളി അൺലിമിറ്റഡായി.നേരത്തെ 2ജി ജാമറാണ് സ്ഥാപിച്ചിരുന്നത്. ഇനി സ്ഥാപിക്കുന്നത് 4ജി ജാമറാണ്.

മേലാളർക്കെതിരെ

നടപടിക്ക് ശുപാർശ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കഴിഞ്ഞമാസം മൂന്നു കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർ‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജയിൽ ഡി.ജി.പി ആഭ്യന്തര വകുപ്പിന് ശുപാർശ നൽകി.സംഭവം റിപ്പോർട്ട് ചെയ്യുന്നതിൽ ജയിൽ ഉദ്യോഗസ്ഥർ വീഴ്ച കാണിച്ചെന്നാണ് ആരോപണം.