qrcode
ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ്

ക്യൂ.ആർ. കോഡ് പതിക്കൽ പൂർത്തീകരിച്ച് കേളകം ഗ്രാമപഞ്ചായത്ത്

കേളകം: മാലിന്യ സംസ്‌കരണ പരിപാലനത്തിനായുള്ള ഡിജിറ്റൽ മാനേജ്‌മെന്റ് സംവിധാനത്തിന്റെ ആദ്യഘട്ടം പൂർത്തീകരിച്ച് കേളകം ഗ്രാമപഞ്ചായത്ത്. പേരാവൂർ ബ്ലോക്ക് പരിധിയിൽ സർവ്വേ പ്രവർത്തനം പൂർത്തിയാക്കുന്ന ആദ്യ പഞ്ചായത്തും ജില്ലയിലെ നാലാമത്തെ പഞ്ചായത്തുമാണ് കേളകം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിതകർമ്മ സേനയുടെ സഹായത്തോടെ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ ശേഖരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്ന രീതിയെ ഡിജിറ്റലൈസ് ചെയ്തു ചിട്ടപ്പെടുത്തുന്ന മൊബൈൽ ആപ്ലിക്കേഷൻ സംവിധാനമായ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പിന്റെ ആദ്യഘട്ടമാണ് കേളകത്ത് പൂർത്തിയായത്.

വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ.ആർ. കോഡ് സ്ഥാപിക്കലായിരുന്നു ആദ്യ പ്രവർത്തനം. ഇനി ഹരിതകർമ്മ സേനാംഗം വീടുകളിലോ സ്ഥാപനത്തിലോ എത്തി ക്യൂ.ആർ. കോഡ് സ്‌കാൻ ചെയ്യുമ്പോൾ ഗൃഹനാഥനെ അല്ലെങ്കിൽ സ്ഥാപന ഉടമസ്ഥനെ സംബന്ധിച്ച വിവരങ്ങൾ ഹരിതകർമ്മ സേനാംഗത്തിന്റെ മൊബൈൽ സ്‌ക്രീനിൽ തെളിഞ്ഞു വരും. ശേഖരിക്കുന്ന പാഴ് വസ്തുക്കളുടെ വിവരങ്ങൾ ഹരിതകർമ്മ സേനാംഗം മൊബൈൽ ആപ്പിലേക്ക് അപ്‌ലോഡ് ചെയ്യുന്നു. യൂസർഫീ നൽകുമ്പോൾ ആയതിന്റെ രശീതി ബന്ധപ്പെട്ട ഗൃഹനാഥന്റെ അല്ലെങ്കിൽ സ്ഥാപന ഉടമയുടെ മൊബൈലിൽ പ്രത്യക്ഷപ്പെടും.
ഒട്ടനവധി സൗകര്യങ്ങളും ഗുണവും ഉള്ള സംവിധാനമാണ് ഹരിതമിത്രം ആപ്പ്. കണ്ണൂർ ജില്ലയിൽ ആദ്യഘട്ടത്തിൽ 33 ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

കേളകത്ത് മികച്ച രീതിയിൽ ഡിജിറ്റൽ സർവ്വേ പൂർത്തീകരിച്ചത് ഹരിത കർമ്മ സേനാംഗങ്ങളാണ്. ഹരിത കേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ നിഷാദ് മണത്തണ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.ആർ.സുനിൽ, വി.ഇ.ഒ പ്രിൻസ്, കെൽട്രോൺ പ്രൊജക്ട് കോർഡിനേറ്റർ അബിൻ ആന്റണി എന്നിവർ നേതൃത്വം നൽകി.

പാഴ്‌വസ്തുക്കൾ ശേഖരിക്കാൻ മിനി എം.സി.എഫ്
എല്ലാ വാർഡുകളിലും പാഴ്‌വസ്തുക്കൾ ശേഖരിച്ചുവയ്ക്കാൻ മിനി എം.സി.എഫ് സ്ഥാപിച്ചിട്ടുണ്ട്. മുഴുവൻ പാഴ്‌വസ്തുക്കളും ശേഖരിച്ചു തരംതിരിച്ചു മാറ്റുന്നതിനായി എം.സി.എഫ് നിർമ്മിക്കുന്നതിനു വേണ്ടി 52 സെന്റ് സ്ഥലം പഞ്ചായത്ത് വാങ്ങിയിട്ടുണ്ട്. ഇവിടെ ആധുനിക രീതിയിലുള്ള എം.സി.എഫ് നിർമ്മിക്കാൻ 16 ലക്ഷം രൂപയും നീക്കിവെച്ചു. ഇതിന്റെ നിർമ്മാണം അധികം വൈകാതെ ആരംഭിക്കും.


കഴിഞ്ഞ ആറു മാസം തുടർച്ചയായി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും കയറി പാഴ്‌വസ്തു ശേഖരണം ഹരിതകർമ്മ സേന വഴി നടത്താൻ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. മാലിന്യമുക്ത കേളകം എന്നതാണ് ലക്ഷ്യം.

സി.ടി. അനീഷ്,​ പ്രസിഡന്റ്
കേളകം ഗ്രാമ പഞ്ചായത്ത്‌