നീലേശ്വരം: എങ്ങും കൂരാക്കൂരിരുട്ട്. പല ഭാഗത്തു നിന്നും തെരുവുനായ്ക്കളുടെ കുരയും കടിപിടികൂടുന്ന ശബ്ദവും. നീലേശ്വരം നഗരത്തിൽ രാത്രി എത്തിപ്പെട്ടാലുള്ള സ്ഥിതിയാണിത്. തെരുവുവിളക്കുകൾ എല്ലാ ഭാഗങ്ങളിലും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും കത്തുന്നില്ല.
വാഹനങ്ങളിൽ നിന്നുള്ള വെളിച്ചം മാത്രമാണ് കാൽനടക്കാർക്ക് ആശ്രയമാവുക. ഇതില്ലെങ്കിൽ പിന്നെ ജീവൻ പണയപ്പെടുത്തി നടക്കുക തന്നെ. നഗരത്തിലെ കടകളിലെ വെട്ടം നിലക്കുന്നതോടെയാണ് കാൽനടക്കാരുടെ കഷ്ടം തുടങ്ങുന്നത്. ഭൂരിഭാഗം തെരുവുവിളക്കുകളും കണ്ണടച്ചിട്ട് മാസങ്ങളായിട്ടും അധികൃതരുടെ കണ്ണുകൾ തുറന്നിട്ടില്ല. നഗരത്തിന്റെ ഹൃദയമായ നീലേശ്വരം പാലത്തിന് മുകളിലെ ഒരു വിളക്കുപോലും കത്തുന്നില്ലെന്ന് നഗരസഭാ അധികൃതർ അറിയാഞ്ഞിട്ടാണോ ഈ അവഗണനയെന്ന് നാട്ടുകാരും വ്യാപാരികളും ചോദിക്കുന്നു.
തീരമേഖലകളിലെ തെരുവു വിളക്കുകൾ കത്തുന്നില്ലെന്ന കാര്യം കേരളകൗമുദി പ്രസിദ്ധീകരിച്ചതിന് പിന്നാലെ അധികൃതർ എത്തി പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ, അധികം വൈകാതെ ഇവ വീണ്ടും തകരാറിലായി.
ഇപ്പോൾ സന്ധ്യമയങ്ങിയാൽ തീരദേശവും ഇരുട്ടിലാണ്. തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യം കൂടി വർദ്ധിച്ചതോടെ സന്ധ്യയായാൽ തീരദേശത്തുകൂടെയുള്ള യാത്ര പേടി സ്വപ്നമാണ്.
സംസ്ഥാനത്ത് വെളിച്ചമില്ലാത്ത പൊതുനിരത്തുകൾ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച നിലാവ് പദ്ധതിയും നീലേശ്വരം നഗരത്തെ ഇരുട്ടിൽ നിന്ന് കരകയറ്റിയില്ല. കെ.എസ്.ഇ.ബി. അധികൃതരോട് പലയാവർത്തി പരാതിപ്പെട്ടിട്ടും കേട്ടഭാവം നടിക്കുന്നില്ലെന്നാണ് കൗൺസിലർമാർ ഉൾപ്പെടെയുള്ള പരാതിപ്പെടുന്നത്.