കണ്ണൂർ: മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം തീർക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച 'ലഹരിക്കെതിരെ നവകേരള മുന്നേറ്റം' കാമ്പയിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. കാമ്പയിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പി.ടി.എ, എം.പി.ടി.എ, വികസനസമിതി എന്നിവയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ പരിപാടി നടന്നു.
നാളെ മുതൽ 12 വരെ ക്ലബ്ബുകൾ, ഹോസ്റ്റലുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ എന്നിവയുടെ നേതൃത്വത്തിൽ സംവാദവും പ്രതിജ്ഞയും സംഘടിപ്പിക്കും. ഒമ്പതിന് കുടുംബശ്രീയുടെ നേതൃത്വത്തിൽ എല്ലാ അയൽക്കൂട്ടങ്ങളിലും ലഹരിവിരുദ്ധ സഭ സംഘടിപ്പിക്കും. 14ന് ബസ് സ്റ്റാൻഡുകൾ, ചന്തകൾ, ടൗണുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ വ്യാപാരികളുടെയും വ്യവസായികളുടെയും നേതൃത്വത്തിൽ ലഹരിവിരുദ്ധ സദസ്സ് സംഘടിപ്പിക്കും. 16ന് വൈകീട്ട് നാല് മുതൽ ഏഴ് വരെ എല്ലാ വാർഡുകളിലും ജനജാഗ്രതാ സദസ്സ് നടക്കും. 23, 24 തീയതികളിൽ ഗ്രന്ഥശാലകളിലും 24ന് വൈകീട്ട് ആറിന് വീടുകളിലും പൊതുസ്ഥലങ്ങളിലും 25ന് വ്യാപാര സ്ഥാപനങ്ങളിലും ലഹരിക്കെതിരെ ദീപം തെളിയിക്കും. 28ന് എൻ.സി.സി, എൻ.എസ്.എസ്, എസ്.പി.സി, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ സൈക്കിൾ റാലിയും 30, 31 തീയതികളിൽ വിളംബരജാഥകളും നടക്കും. നവംബർ ഒന്നിന് കാമ്പയിന്റെ ആദ്യഘട്ടം അവസാനിക്കും.