തലശ്ശേരി: തലശ്ശേരിയുടെ സമീപ പ്രദേശങ്ങളിൽ നിന്ന് മട്ടന്നൂർ വിമാനത്താവളത്തിലേക്ക് പന്ത്രണ്ടോളം സൗകര്യപ്രദമായ റോഡുകൾ ഉണ്ടായിരിക്കെ, കൊടുവള്ളിയിൽ നിന്നും മമ്പറം, അഞ്ചരക്കണ്ടി വഴി എയർപോർട്ടിലേക്ക് നീളുന്ന ഉൾനാടൻ റോഡ് 24 മീറ്റർ വീതിയിൽ വികസിപ്പിക്കണമെന്ന് സർക്കാരും ഉദ്യോഗസ്ഥരും നിർബന്ധം പിടിക്കുന്നതിൽ ഗൂഢാലോചനയും ദുരൂഹതയുമുണ്ടെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മട്ടന്നൂർ വിമാനത്താവളത്തിലേക്ക് കഴിഞ്ഞ 4 വർഷമായി ഇതുവഴിയും വാഹനങ്ങൾ സുഗമമായി കടന്നു പോവുന്നുണ്ട്. ഇതേ വരെ ഒരിടത്തും ഗതാഗതക്കുരുക്കുകളോ, അപകടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അഞ്ചര മീറ്റർ വീതിയുള്ള റോഡ് എന്തിനെന്നറിയാതെയും പറയാതെയുമാണ് പിന്നെയും വീതി കൂട്ടാൻ നടപടി സ്വീകരിക്കുന്നത്. നിലവിലുള്ള അഞ്ചര മീറ്ററിൽ നിന്നും വീതി 13.6 മീറ്ററായി നിജപ്പെടുത്താനും ഞങ്ങൾ അനുകൂലമാണ്. എന്നാൽ 24 മീറ്റർ വികസനം അനുവദിക്കാനാവില്ല. വിഷയം പൊതുജനത്തെയും അധികാരികളെയും ബോധ്യപ്പെടുത്താൻ നാളെ വൈകിട്ട് 3ന് മമ്പറം ബസാറിൽ പ്രതിഷേധ സംഗമം ചേരുമെന്നും ഭാരവാഹികളായ എം.പി. അസൈനാർ, സി.വി. റഫീഖ്, അഡ്വ. ബിനോയ്, എച്ച്. ഗോഡ് ഫ്രഡ്, സി.കെ. അബ്ദുൾ റഹ്മാൻ, വി.സി. ആസിഫ്, ടി. രാജീവ്, സി.കെ. ഷംസുദ്ദിൻ എന്നിവർ അറിയിച്ചു.