rubber
കാർഷിക വിജ്ഞാന കേന്ദ്രത്തിലെ ഗവേഷകർ റബ്ബർ മരങ്ങളിൽ പരിശോധന നടത്തുന്നു

ഇരിട്ടി: മലയോര കർഷകരിൽ ആശങ്ക പടർത്തി റബ്ബർ മരങ്ങളിൽ വിദേശ കീടങ്ങളുടെ ആക്രമണം. കാർഷിക വിജ്ഞാന കേന്ദ്രത്തിലെ ഗവേഷകർ നടത്തിയ പരിശോധനയിൽ മലയോര മേഖലയിലെ വിവിധ ഭാഗങ്ങളിലെ റബ്ബർ തോട്ടങ്ങളിൽ വിദേശ കീടമായ അംബ്രോസിയ ഇനത്തിൽപ്പെട്ട പ്ലാറ്റിപ്പസ് എന്ന മാരകമായ ഫ്യൂസേറിയം കുമിൾ വാഹകരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു. ഇവയുടെ ആക്രമണത്തിൽ ആയിരകണക്കിന് റബ്ബർ മരങ്ങൾ നശിച്ചുകൊണ്ടിരിക്കുന്നതായാണ് കണ്ടെത്തൽ.

വലിയ പ്രതിസന്ധിയുടെ മുന്നിൽ നിൽക്കുമ്പോഴും കർഷകരെ രക്ഷിക്കാൻ സർക്കാറിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന ആക്ഷേപം കർഷകർ ഉയർത്തുന്നു. പാലുള്ള മരങ്ങളെയാണ് ഇവ കൂട്ടമായി നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. റബ്ബർ, കടപ്ളാവ്, ആഞ്ഞിലി, എന്നിവയിലും മഹാഗണിയിലും ഇവയുടെ ആക്രമണം ഉണ്ടായതായി കർഷകർ പറയുന്നു.

അന്തർവാഹിനികളായ മരുന്നുകൾ കൊണ്ട് മാത്രമേ മരത്തിന്റെ ഉള്ളിലുള്ള ഇവയെ തുരത്താൻ സാധിക്കൂവെന്നാണ് പറയുന്നത്. മലയോര മേഖലയിൽ കീടങ്ങളുടെ ആക്രമണം കാരണം ആയിരക്കണക്കിന് റബ്ബർ മരങ്ങൾ കർഷകർ വെട്ടിക്കളയുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂർ കാർഷിക വിജ്ഞാന കേന്ദ്രത്തിലെ ഗവേഷകർ മുടയരിഞ്ഞിയിലെ തോട്ടങ്ങൾ സന്ദർശിച്ച് റബ്ബർ മരങ്ങളിൽ നിന്ന് കീടങ്ങൾ ശേഖരിച്ച് കൊണ്ടുപോയി. ഡോ. പി. ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കായി എത്തിയത്.

2018ൽ കണ്ടെത്തിയെങ്കിലും

വെറുതെവിട്ടു

2018ൽ അയ്യൻകുന്ന് പഞ്ചായത്തിലെ മുടയരിഞ്ഞിയിൽ റബ്ബർ മരങ്ങൾ ഉണങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട ജോർജ്ജ് കിളിയന്തറ എന്ന കർഷകൻ നടത്തിയ നിരീക്ഷണത്തിൽ രണ്ട് മില്ലിമീറ്റർ മാത്രമുള്ള വണ്ടുകളാണ് ഇതിന് കാരണം എന്ന് കണ്ടെത്തി അധികൃതരുടെ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് കേരള കാർഷിക സർവ്വകലാശാല വെള്ളായണിയിലെ എന്റോമോളജിസ്റ്റ് ഡോ. കെ.സി പ്രതാപനും സംഘവും സ്ഥലം സന്ദർശിച്ച് വിദേശ കീടമാണെന്ന് കണ്ടെത്തിയിരുന്നു. ഇവർ നടത്തിയ പഠന റിപ്പോർട്ട് കാർഷിക കോളേജിൽ സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് അന്വേഷണം നടത്താൻ കൃഷിമന്ത്രി നിർദ്ദേശം നൽകിയെങ്കിലും തുടർന്ന് ഒരു അന്വേഷണവും ഉണ്ടായിട്ടില്ല.

ഭീകരനാണ്,​ കൊടും ഭീകരൻ

നട്ടെല്ലൊടിഞ്ഞുനിൽക്കുന്ന മലയോര റബ്ബർ കർഷകരെ ഞെട്ടിച്ച അന്നത്തെ ശത്രു നിസാരക്കാരനായിരുന്നില്ല. അംബ്രോസിയ വണ്ടുകളുടെ വിഭാഗത്തിൽപ്പെടുന്ന യുപ്ലാറ്റിപ്പസ് പാരലേല്ലസ് എന്ന വിദേശകീടമാണെന്ന് കാർഷികശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിരുന്നു. തെക്ക അമേരിക്കയിൽ നിന്നാണ് ഇവ എത്തിയിരുന്നത്. അപകടകാരിയായ ഇത് ചൈന ഉൾപ്പെടെ മിക്ക ഏഷ്യൻ രാജ്യങ്ങളിലും എത്തിയിട്ടുണ്ട്. ബ്രസീലിൽ റബ്ബർ കൃഷിയെ വ്യാപകമായി നശിപ്പിച്ച ഈ കീടം തായ്ലൻഡിൽ വേങ്ങ വർഗത്തിൽപ്പെട്ട മരങ്ങളെ കൂട്ടത്തോടെ ഇല്ലാതാക്കിയിരുന്നു. സാധാരണ അംബ്രോസിയ വണ്ടുകൾ ആരോഗ്യം ക്ഷയിച്ചതോ, വെട്ടിയിട്ടതോ ആയ വൃക്ഷങ്ങളെയാണ് ആക്രമിക്കുന്നത്. എന്നാൽ യൂപ്ലാറ്റിപ്പസ് വണ്ടുകൾ ആരോഗ്യമുള്ള മരങ്ങളെയും നശിപ്പിക്കും. തടിയ്ക്കുള്ളിലേക്ക് കൂട്ടത്തോടെ തുരന്നു കയറി മുട്ടിയിട്ട് പെരുകുകയാണ് രീതി.