മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പനത്തടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സംസ്ഥാന പാത ശുചീകരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവ്വഹിക്കുന്നു

രാജപുരം: കള്ളാറിൽ 16,17 തീയതികളിൽ നടക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പനത്തടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതകൾ രണ്ടരകിലോമീറ്റർ ദൂരം പാതയോരത്തെ കാടുകൾ വെട്ടിത്തെളിച്ചു. 17 കള്ളാറിൽ നിന്നും രാജപുരത്തേക്ക് നടക്കുന്ന റാലിയുടെ ഭാഗമായണ് മഹിളകൾ കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിലെ കള്ളാർ മുതൽ രാജപുരം വരെ പാതയോരം ശുചീകരിച്ചത്. ഒറ്റ ദിവസം കൊണ്ട് റോഡ് വക്കിലെ മുഴുവൻ കാടുകളും നൂറിലധികം വരുന്ന വനിതകളുടെ നേതൃത്വത്തിൽ തെളിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.പി സുബൈദ അദ്ധ്യക്ഷയായി. പി.വി പ്രസന്ന, പി. ശാന്തകുമാരി, സൗമ്യ വേണുഗോപാലൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ എം. ലക്ഷ്മി സ്വാഗതം പറഞ്ഞു.

ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ജില്ലയിൽ പതാക ദിനം ആചരിക്കും. 13ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി യൂണിറ്റുകളിൽ 13 പതാകകൾ ഉയർത്തും. ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും, പനത്തടി ഏരിയയിലെ മുഴുവൻ മഹിള പ്രവർത്തകരുടെയും വീടുകളിലും പതാക ഉയരും. യൂണിറ്റുകളിൽ കുടിൽകെട്ടിയും അലങ്കരിച്ചും പതാക ദിനം ആചരിക്കും. രാജപുരം കള്ളാറിൽ നടക്കുന്ന മഹിള അസോസിയേഷൻ ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിന് യൂണിറ്റുകളുടെ നേതൃത്വത്തിൽ വീടുകളിൽ നിന്നും സ്വരൂപിച്ച ഫണ്ട് വില്ലേജ് തലത്തിൽ വെള്ളിയാഴ്ച ഏറ്റുവാങ്ങും. ജില്ലാ സെക്രട്ടറി എം. സുമതി ലീഡറായുള്ള ഫണ്ടു ശേഖരണ ജാഥ രാവിലെ 9ന് ബാനത്ത് വെച്ച് സംസ്ഥാന ട്രഷറർ പത്മാവതി ഉദ്ഘാടനം ചെയ്യും.