മട്ടന്നൂർ: സ്ഥലമുണ്ടായിട്ടു പോലും വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മട്ടന്നൂർ പോസ്റ്റോഫീസ് സ്ഥലപരിമിതി മൂലം വീർപ്പു മുട്ടുന്നു. മട്ടന്നൂർ ബസ് സ്റ്റാൻഡിൽ നിന്നും എകദേശം ഒരു കിലോമീറ്റർ ദൂരത്തിൽ ഇരിട്ടി റോഡിൽ പെട്രോൾ പമ്പിന് തൊട്ടുള്ള സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലെ രണ്ടാം നിലയിലാണ് നിലവിൽ പോസ്റ്റോഫീസ് പ്രവർത്തനം. ഓഫീസിൽ ആവശ്യത്തിന് സൗകര്യമില്ലാത്തത് ജീവനക്കാർക്കും ഇവിടെ എത്തുന്ന ജനങ്ങൾക്കും ഒരുപോലെ പ്രയാസം സൃഷ്ടിക്കുകയാണ്.
ഏതാനും വർഷം മുമ്പ് ഒരു സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിച്ച പോസ്റ്റോഫീസ് വീണ്ടും മാറ്റി സ്ഥാപിച്ചതാണ് ഇവിടെ. രണ്ടാം നിലയിൽ പ്രവർത്തിക്കുന്നതുകാരണം പ്രായമുള്ളവർക്ക് പോസ്റ്റോഫീസിൽ എത്തിച്ചേരാൻ പ്രയാസം സൃഷ്ടിക്കുകയാണ്. ഇതിനും പുറമെ ഭാരമേറിയ മെയിൽ ബാഗുകൾ എത്തിക്കണമെങ്കിൽ ജീവനക്കാരും ഏറെ കഷ്ടപ്പെടണം. വർഷങ്ങൾക്കുമുമ്പ് തന്നെ കണ്ണൂർ റോഡിൽ കോളാരി വില്ലേജ് ഓഫീസിന് പിൻവശത്ത് പോസ്റ്റോഫീസ് നിർമ്മിക്കാൻ സ്ഥലം അനുവദിച്ചിരുന്നു. അവിടെ പേരിന് പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ ഒരു ബോർഡ് മാത്രമാണ് സ്ഥാപിച്ചത്. പോസ്റ്റോഫീസ് കെട്ടിടം ഉടൻ പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.