കാസർകോട്: കാസർകോട് ജില്ലയിലെ വിനോദസഞ്ചാര മേഖല എന്ന് പറഞ്ഞാൽ അതിന്റെ കേന്ദ്രബിന്ദു ബേക്കൽ കോട്ടയും അവിടുത്തെ ടൂറിസം വികസന പദ്ധതികളുമാണ്. കേരളത്തിലെ ഏക പ്രത്യേക ടൂറിസം മേഖലയായ ബേക്കലിന്റെ വികസനത്തിനായി സർക്കാർ രൂപീകരിച്ച കമ്പനിയുടെ ആസ്ഥാന മന്ദിരം നിർമ്മിക്കാൻ പോകുന്നത് പള്ളിക്കരയിൽ ആണ് എന്നതാണ് ഏറെ വിചിത്രം. മറ്റു ജില്ലകളിൽ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലും റെയിൽവേ സ്റ്റേഷനുകളിലും വിനോദ സഞ്ചാരികൾക്ക് വിവരങ്ങൾ കൈമാറുന്നതിന് ഇൻഫർമേഷൻ സെന്ററുകൾ ഉണ്ട്. കാസർകോട് ജില്ലയിൽ എവിടെയും ഇങ്ങനെയൊരു വിവര കൈമാറ്റ കേന്ദ്രമില്ല. ബേക്കൽ കോട്ടയുടെ പരിസരത്ത് ടൂറിസ്റ്റുകൾ എത്തിയാൽ അവിടെ തന്നെ വന്നിട്ടുള്ള മറ്റുള്ളവരോട് പരസ്പരം വിവരങ്ങൾ ചോദിച്ച് അറിയേണ്ട ഗതികേടാണുള്ളത്.
കൃത്യമായ വിവരങ്ങൾ കിട്ടാതെ, തെറ്റായ വിവരങ്ങൾ നേടിയാണ് ഇവരിൽ പലരും തിരിച്ചു പോകുന്നതും ചുറ്റിക്കറങ്ങുന്നതും. കോട്ടയുടെ ചരിത്രം രേഖപ്പെടുത്തിയ ലഘുലേഖകൾ, ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഏവ എന്നത് സംബന്ധിച്ച ബ്രോഷറുകൾ ലഭ്യമാക്കാൻ ബി.ആർ.ഡി.സിയോ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലോ ടൂറിസം വകുപ്പോ ആർക്കിയോളജി വകുപ്പോ തയ്യാറല്ല. അതിനിടയിലാണ് ബി.ആർ.ഡി.സി യുടെ ഓഫീസ് കോട്ടയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയുള്ള പള്ളിക്കരയിൽ നിർമ്മിക്കാൻ പോകുന്നത്.
കാസർകോട് ജില്ലയിലെ ടൂറിസം വികസന പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യാനും മറ്റു പരിപാടികളിൽ സംബന്ധിക്കാനും ഇന്ന് കാസർകോട് ജില്ലയിൽ എത്തുന്ന മന്ത്രി മുഹമ്മദ് റിയാസ് ഇത്തരം വിഷയങ്ങൾ ഗൗരവത്തിൽ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബേക്കൽ കോട്ടയിൽ
പൊലീസുമില്ല
കോട്ടയിൽ ടൂറിസം പൊലീസ് വേണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. കോട്ടയിൽ നിന്നും ഉദ്ഖനനം ചെയ്തു ലഭിച്ച പഴയ കാല നാണയങ്ങൾ ഉൾപ്പടെയുള്ള ശേഷിപ്പുകൾ കോട്ടയ്ക്കകത്തെ ടൂറിസ്റ്റ് ബംഗ്ലാവിൽ പ്രദർശിപ്പിക്കും വിധം മ്യൂസിയമാക്കണം എന്ന ആവശ്യം ചരിത്രകാരന്മാർ ഉന്നയിച്ചതും വെറുതെയായി. ബി.ആർ.ഡി.സി പാട്ടത്തിന് നൽകിയ ആറു പ്രധാന സൈറ്റുകളിൽ രണ്ട് എണ്ണത്തിൽ മാത്രം റിസോർട്ടുകൾ പ്രവർത്തിക്കുന്നു. ബാക്കി നാല് റിസോർട്ടുകൾ എന്ന് പ്രവർത്തനം തുടങ്ങും എന്ന് ചോദിച്ചാൽ അതിനൊന്നും ആർക്കും മറുപടി ഉണ്ടാകുന്നില്ല.