നീലേശ്വരം: ജില്ലയിലെ ഏറ്റവും വലിയ ജലാശയങ്ങളിൽ ഒന്നായ കോവിലകം ചിറ സംരക്ഷണം ഇല്ലാതെ നശിക്കുന്നു. സംരക്ഷണ ഭിത്തി ഇല്ലാത്തതിനാൽ ചിറയോട് തൊട്ടുരുമ്മി രണ്ട് ഭാഗങ്ങളിൽ കൂടി കടന്നുപോകുന്ന റോഡ് അപകട ഭീഷണിയും ഉയർത്തുന്നുണ്ട്.
ചിറയുടെ നാല് ഭാഗവും ഇപ്പോൾ കാടുമൂടി കിടക്കുകയണ്. മാത്രമല്ല ചിറയുടെ അരിക് ഇടിഞ്ഞുവീഴുന്ന അവസ്ഥയുമാണ്. ഇതും റോഡിന് ഭീഷണിയാണ്. ദിവസവും നൂറ് കണക്കിന് വാഹനങ്ങളാണ് ഈ റോഡിൽ കൂടി പോകുന്നത്.
തളിയിൽ ക്ഷേത്രത്തിലെ ആറാട്ടിനും മന്നൻപുറത്ത് കാവ് പൂരോൽസവത്തിനും ചിറയിൽ ഇറങ്ങി ആചാര കർമ്മങ്ങൾ ചെയ്യാറുണ്ട്. നീലേശ്വരം രാജ വംശത്തിന്റെ കീഴിലാണെങ്കിലും നഗരസഭയാണ് ഇപ്പോൾ നോക്കി നടത്തുന്നത്. മുമ്പ് ജില്ലാതല നീന്തൽ ചാമ്പ്യൻഷിപ്പ് പോലും ഈ ചിറയിൽ നടത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ചിറയെ സംരക്ഷിക്കുവാൻ നഗരസഭ അധികൃതർ തയ്യാറാകുന്നില്ല.
മഴക്കാലത്ത് വെള്ളം ഉയർന്നാൽ ചിറയേത് വഴിയേത് എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്. കഴിഞ്ഞ നഗരസഭ ഭരണ സമിതിയുടെ കാലത്ത് ശുചിത്വ കേരളം പദ്ധതിയുടെെ ഭാഗമായി കോവിലകം ചിറ ശുചീകരിച്ചിരുന്നു. അതിനുശേഷം നഗരസഭ സർക്കാറിന് പ്രോജക്ട് സമർപ്പിച്ചെങ്കിലും ചിറയുടെെ ഉടമസ്ഥാവകാശം സംബദ്ധിച്ച് ഇതുവരെയായി വ്യക്തത വന്നിട്ടില്ല. ഉടമസ്ഥാവകാശം ലഭിച്ചാൻ ജലസേചന വകുപ്പും ചിറ സംരക്ഷിക്കാൻ തയ്യാറാണ്.
ചൊവ്വ, വെള്ളി ദിവസങ്ങളിൽ കോവിലകം ചിറ വഴിയുള്ള വാഹനങ്ങളുടെ തിരക്ക് കൂടുതലാണ്. ഒരു മാസം മുമ്പ് നിയന്ത്രണം വിട്ട ഓട്ടോ ചിറയിലേക്ക് മറിഞ്ഞിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് അന്ന് ഡ്രൈവർ രക്ഷപ്പെട്ടത്. അതുകൊണ്ട് സുരക്ഷാവേലി നിർമ്മിക്കണമെന്ന ആവശ്യവും ശക്തമായി.
സൗന്ദര്യവത്കരണമുണ്ട്, പക്ഷേ...
സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നഗരസഭ ആഫ്രിക്കൻ പായൽ നീക്കം ചെയ്ത് താമര കുളമാക്കുന്നതിന് വിത്തിട്ട് കാത്തിരിക്കുകയാണ്. എന്നാൽ സൗന്ദര്യവത്കരണം നടത്തിയിട്ട് കാര്യമില്ലെന്നും ആദ്യം ജലാശയത്തിന്റെ നാലുഭാഗവും പുനർനിർമ്മാണം നടത്തി സംരക്ഷിക്കുകയാണ് വേണ്ടതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
സംരക്ഷണമില്ലാതെ അപകട ഭീഷണി ഉയർത്തുന്ന കോവിലകം ചിറ.